റവന്യൂ വകുപ്പ് അധീനതയിലുള്ള വനഭൂമി വനംവകുപ്പിന് തന്നെ കൈമാറും

നിലമ്പൂര്‍: ഭൂരഹിത കര്‍ഷകര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിയാവശ്യത്തിനുമായി നല്‍കാന്‍ വനംവകുപ്പ് റവന്യുവകുപ്പിന് കൈമാറിയതില്‍ പതിച്ചുനല്‍കാത്ത ഭൂമി വനം വകുപ്പിനെ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമായത്. 1971ലെ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും നിയമപ്രകാരം മഞ്ചേരി കോവിലകത്തുനിന്ന് നിന്ന് വനംവകുപ്പ് ഏറ്റെടുത്തതാണ് എടവണ്ണ റേഞ്ചിലെ കുട്ടാടന്‍, ചെക്കുന്ന് മലവാരങ്ങള്‍. 1977 ല്‍ ഇതിലുള്‍പ്പെട്ട 1365 ഹെക്ടര്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ റവന്യൂവകുപ്പിന് കൈമാറി. ഇതിലെ 642 ഹെക്ടര്‍ ഭൂരഹിതര്‍ക്ക് അഞ്ചേക്കര്‍ വീതം പതിച്ചുകൊടുത്തെങ്കിലും ബാക്കി 723 ഹെക്ടര്‍ റവന്യൂ അധീനതയില്‍ നിലനിര്‍ത്തി. പിന്നീട് ഇത് കൈയേറ്റക്കാരുടെ പിടിയിലായി. ഊര്‍ങ്ങാട്ടിരി, എടവണ്ണ വില്ളേജുകളില്‍ ഉള്‍പ്പെട്ട ചെക്കുന്ന് മലവാരം ഏറെക്കുറെ പൂര്‍ണമായും, പെരകമണ്ണ വില്ളേജിലെ കുട്ടാടന്‍ മലവാരം ഭാഗികമായും കൈയേറ്റക്കാരുടെ കൈവശമായി. റവന്യുവകുപ്പിന് കൈമാറിയ ഈ ഭൂമി തിരിച്ചെടുക്കാന്‍ സര്‍വേ നടപടികള്‍ തുടരുന്നതിനിടെ ജില്ലാ കലക്ടര്‍ക്കും ഡി.എഫ്.ഒക്കും സ്ഥലംമാറ്റമായതോടെ സര്‍വേ നടപടി നിലച്ചു. സര്‍വേ നടത്തി കണ്ടത്തെിയതില്‍ ബാക്കിയുള്ള 524 ഹെക്ടര്‍ ഭൂമി ഉടന്‍ വനംവകുപ്പിന് കൈമാറാനും സര്‍വേ നടത്തി ബാക്കി കൈയേറ്റഭൂമി കൂടി കണ്ടത്തൊനുമാണ് യോഗത്തിലെ തീരുമാനം. നിലമ്പൂര്‍ നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഡോ. ആര്‍. ആടലരശന്‍. എ.സി.എഫ് ജയപ്രകാശ്, സര്‍വേ, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.