മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന സന്ദേശമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ഞായറാഴ്ച മലപ്പുറത്ത് പ്രവേശിക്കുമെന്ന് ലീഗ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ യാത്രയെ വരവേല്‍ക്കും. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ സ്വീകരണമൊരുക്കും. 31ന് കൊണ്ടോട്ടി, എടവണ്ണ, എടക്കര, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് ഏഴിന് മഞ്ചേരിയില്‍ സമാപിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്നാരംഭിച്ച് രാമപുരം, മലപ്പുറം, വേങ്ങര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുറ്റിപ്പുറത്ത് സമാപിക്കും. ഫെബ്രുവരി രണ്ടിന് ചേളാരിയില്‍ നിന്ന് തുടങ്ങി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തവനൂരിലെ നരിപ്പറമ്പ് എന്നിവിടങ്ങള്‍ പിന്നിട്ട് പൊന്നാനിയില്‍ സമാപിക്കും. യാത്രയുടെ സ്മാരകമായി വായനശാലകള്‍, ലൈബ്രറികള്‍, ബസ്സ്റ്റോപ്പുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ തെങ്ങിന്‍തൈകള്‍ നടും. യാത്രയുടെ പേരില്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത വിധമാണ് സ്വീകരണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യാത്രയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.വി. അബ്ദുല്‍ വഹാബ്, ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, പി. സൈതലവി മാസ്റ്റര്‍, ടി.വി. ഇബ്രാഹിം, സലീം കുരുവമ്പലം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.