കുറ്റിപ്പുറം–പൊന്നാനി ദേശീയപാത നാളെ നാടിന് സമര്‍പ്പിക്കും

പൊന്നാനി: കുറ്റിപ്പുറം-പൊന്നാനി ദേശീയപാത വെള്ളിയാഴ്ച വൈകീട്ട് ആറിന് ചമ്രവട്ടം ജങ്ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. 30 മീറ്റര്‍ വീതിയിലാണ് കുറ്റിപ്പുറം മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള 11.5 കിലോമീറ്റര്‍ പാത നിര്‍മിച്ചത്. 45 മീറ്ററില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 59 കോടി രൂപ അനുവദിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതക്കായി പണം മുടക്കുന്ന ആദ്യ പാത കൂടിയാണിത്. പാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട്-കൊച്ചി ദൂരം 38 കിലോമീറ്റററോളം കുറയും. പാതയുടെ രണ്ടാംഘട്ടമായ ചമ്രവട്ടം ജങ്ഷന്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള റോഡില്‍ പള്ളപ്രം വരെ പണി പൂര്‍ത്തിയായിട്ടുണ്ട്. പള്ളപ്രത്ത് കനോലി കനാലിന് കുറുകെ പാലം പണി പുരോഗമിക്കുകയാണ്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഏറ്റെടുത്ത നിര്‍മാണം കോഴിക്കോട് നാഥ് കണ്‍സ്ട്രക്ഷനാണ് പൂര്‍ത്തിയാക്കിയത്. കാല്‍നൂറ്റാണ്ടിലധികം കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പാത പൂര്‍ത്തീകരിച്ചത്. നിര്‍മാണ ഘട്ടത്തില്‍ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. പാത വന്നാല്‍ കുറ്റിപ്പുറം മുതല്‍ കുന്നംകുളം വരെയുള്ള കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രചാരണമുണ്ടായി. എന്നാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി. ശ്രീരാമകൃഷ്ണന്‍, ഡോ. കെ.ടി. ജലീല്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയാണ് പാത യാഥാര്‍ഥ്യമാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി. ശ്രീരാമകൃഷ്ണന്‍, ഡോ. കെ.ടി. ജലീല്‍, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.