മന്ത്രി അബ്ദുറബ്ബ് മത്സ്യത്തൊഴിലാളികളെ വിഡ്ഢികളാക്കുന്നെന്ന്

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഹാര്‍ബര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന സര്‍ക്കാര്‍ ഉത്തരവിനും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിനും വിരുദ്ധമായി ചാപ്പപ്പടിയില്‍ ഫെബ്രുവരി 13ന് തറക്കല്ലിടുമെന്ന മന്ത്രി അബ്ദുറബ്ബിന്‍െറ വാദം കോടതിയലക്ഷ്യവും നാടകവുമാണെന്ന് ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റിയും ആലുങ്ങല്‍ ബീച്ചിലെ നാട്ടുകൂട്ടായ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ഉത്തരവ് റദ്ദ് ചെയ്ത് പുതിയ ഉത്തരവിറക്കി ഹാര്‍ബര്‍ ചാപ്പപ്പടിയിലേക്ക് കൊണ്ടുവരണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി അബ്ദുറബ്ബ് ജനുവരി 14ന് മന്ത്രി ബാബുവിന് നല്‍കിയ കത്തിന്‍െറ കോപ്പി ഇവര്‍ വിതരണം ചെയ്തു. ആറ് വര്‍ഷത്തെ പഠനം കൊണ്ട് സ്ഥലം നിര്‍ണയം നടത്തിയ ഹാര്‍ബര്‍ ഒറ്റ ദിവസം കൊണ്ട് ഒരു കത്ത് നല്‍കി അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുന്നതിന് മുമ്പെ ഹാര്‍ബറിന്‍െറ ഘടനയില്‍ മാറ്റം വരുത്തിയെന്ന് പറയുന്നത് കബളിപ്പിക്കലാണെന്ന് അവര്‍ പറഞ്ഞു. എവിടെ തറക്കല്ലിട്ടാലും തടയില്ളെന്നും തങ്ങള്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയതിനാലാണ് പദ്ധതി നഷ്ടപ്പെട്ടതെന്ന് മത്സ്യത്തൊഴിലാളികളെ പറഞ്ഞു പറ്റിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. സാങ്കേതികാനുമതിയോ ഭരണാനുമതിയോ ഇല്ലാതെയും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാവാതെയും ടെന്‍ഡര്‍ വിളിക്കാതെയും എങ്ങനെയാണ് നിര്‍മാണം തുടങ്ങുകയെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുണെയിലെ സി.ഡബ്ള്യു.ആര്‍.പി.എസ് നിര്‍ദേശിച്ച പ്രകാരമാണ് അബ്ദുറബ്ബ് അംഗമായ ബോഡി ഇതുസംബന്ധിച്ച് നേരത്തേ തീരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ നാട്ടുകാരനെന്ന നിലയില്‍ ചാപ്പപ്പടിയിലേക്ക് ഹാര്‍ബര്‍ കൊണ്ടുവരേണ്ടത് തന്‍െറ താല്‍പര്യമാണെന്ന് മന്ത്രി അബ്ദുറബ്ബ് മന്ത്രി ബാബുവിനോട് അഭ്യര്‍ഥിക്കുക വഴി ഒരു ജനതയെ ഒന്നടങ്കം വഞ്ചിക്കുകയാണുണ്ടായതെന്നും ഇത് സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നും നാട്ടുകൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു. വി.പി. ഖാദര്‍, യാക്കൂബ് കെ. ആലുങ്ങല്‍, കെ.സി. നൂറുദ്ദീന്‍കുട്ടി, ബറുവ മൊയ്തീന്‍ കോയ, എം.പി. കുഞ്ഞിമരക്കാര്‍, ടി. അഷറഫ്, സി.പി. കുഞ്ഞിമുഹമ്മദ്, ബി.പി. കുഞ്ഞിമരക്കാര്‍, കെ.സി. മുഹമ്മദ്കുട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.