പരപ്പനങ്ങാടിയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

പരപ്പനങ്ങാടി: മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ മദ്യമാഫിയയുടെ ശല്യത്തില്‍നിന്ന് ആശ്വാസം ലഭിച്ച പരപ്പനങ്ങാടിക്കുമേല്‍ കഞ്ചാവ് റാക്കറ്റ് പിടിമുറുക്കുന്നു. വിദ്യാര്‍ഥികളെ ഉന്നംവെക്കുന്ന സംഘം ഇവരത്തെന്നെ വിപണന രംഗത്തേക്കിറക്കിയും സാമൂഹിക മാധ്യമങ്ങള്‍ വഴി ആശയ കൈമാറ്റം നടത്തിയുമാണ് ഇടപാട് നടത്തുന്നത്. കടല്‍വഴിയും തീവണ്ടി മാര്‍ഗവും ജില്ലയിലേക്ക് ലഹരി ഒഴുകുന്നതായും അതിന്‍െറ ഇടത്താവളം പരപ്പനങ്ങാടിയാണെന്നും എക്സൈസ് അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പ് പരപ്പനങ്ങാടിയില്‍ സ്റ്റോപ്പുള്ള ട്രയിനുകളില്‍ റെയ്ഡ് നടത്തി ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും പരിശോധന തുടരാനാവുന്നില്ല. കടല്‍വഴി ലഹരിയത്തെുന്നുണ്ടെന്ന വിവരം അമ്പരിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ മുഴുവന്‍ മത്സ്യത്തൊഴിലാളിക്കും തികഞ്ഞ ജാഗ്രതയുണ്ടെന്നും കടലോര ജാഗ്രത സമിതി അംഗവും സി.ഐ.ടി.യു നേതാവുമായ മുഹമ്മദ് ബാവ പറഞ്ഞു. വിദ്യാലയങ്ങളുടെ പരിസരത്ത് അപരിചിതരുടെ സാന്നിധ്യം കൂടിവരുന്നുണ്ടെന്നും അധ്യാപകരെ കാണുമ്പോള്‍ ഇത്തരക്കാര്‍ രക്ഷപ്പെടുന്നതായും നെടുവ ഗവ. ഹൈസ്കൂളിലെ പി.ടി.എ പ്രസിഡന്‍റും വെല്‍ഫെയര്‍ പാര്‍ട്ടി നഗരസഭ ടൗണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ഷരീഫ് പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണം സംഘടിപ്പിക്കണമെന്ന് പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി പി.ടി.എ പ്രസിഡന്‍റും മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷനുമായ പി.ഒ. സലാം പറഞ്ഞു. പല ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളും ലഹരിക്കടിമപ്പെട്ടവരില്‍ ഉള്‍പ്പെടും. കഴിഞ്ഞദിവസം ലഹരി ഉല്‍പന്നങ്ങള്‍ ചില വിദ്യാര്‍ഥികളുടെ കൈയില്‍നിന്ന് നേരിട്ട് പിടികൂടിയതായും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊതുപ്രവര്‍ത്തകനും എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി പി.ടി.എ പ്രസിസന്‍റുമായ പി.ഒ. റാഫി അറിയിച്ചു. ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് പരപ്പനങ്ങാടി എസ്.ഐ ജിനീഷ് പറഞ്ഞു. അടുത്ത ദിവസം എക്സൈസ് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ വി.വി. ജമീല ടീച്ചര്‍ പറഞ്ഞു. മുഴുവന്‍ പി.ടി.എകളെയും സാംസ്കാരിക ക്ളബുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അധ്യാപക പരിശീലകര്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവരെ വിളിച്ച് ചേര്‍ത്ത് വിപുലമായ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് രാജീവ്ഗാന്ധി കള്‍ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് അറിയിച്ചു. ആളൊഴിഞ്ഞ റെയില്‍വേ ചാമ്പ്രകള്‍, അടിപ്പാതകള്‍ തുടങ്ങിയ കേന്ദ്രങ്ങളാണ് ലഹരിയുടെ ചില്ലറ കൈമാറ്റ കേന്ദ്രങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.