തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബ്യൂട്ടി സ്പോട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന എന്‍.സി.സിയുടെ അഡ്മിനിസ്ട്രേഷന്‍ കെട്ടിടവും സ്ഥലവും തിരൂര്‍ ആര്‍.ഡി.ഒ ഡോ. ജെ.ഒ. അര്‍ജുന്‍ സന്ദര്‍ശിച്ചു. നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് പൈങ്ങോട്ടൂര്‍ പരിസര സംരക്ഷണ സമിതി നല്‍കിയ പരാതിയെ കുറിച്ച് പഠിക്കാനാണ് ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജമീല, ഗ്രാമപഞ്ചായത്തംഗങ്ങളായ അസീസ് പാറയില്‍, ഇഖ്ബാല്‍, ശിവദാസന്‍, പഞ്ചായത്ത്-റവന്യൂ-പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന മാലിന്യ പ്രശ്നം, പരിസ്ഥിതി ആഘാതം, ജലചൂഷണം എന്നിവയെ കുറിച്ച് നേരത്തേ നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന് ശേഷം എന്‍.സി.സി ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, ഡേവിഡ് വേഗാസ് എന്നിവരുമായി ചര്‍ച്ച നടത്തി. ജില്ലയിലെ എന്‍.സി.സി കാഡറ്റുകള്‍ക്കുവേണ്ട പരേഡ് ഗ്രൗണ്ടും അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കും മാത്രമാണ് നാല് ഏക്കറില്‍ നിര്‍മിക്കുന്നതെന്ന് എന്‍.സി.സി അധികൃതര്‍ വ്യക്തമാക്കി. ഒരു കാരണവശാലും കാഡറ്റുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതല്ളെന്നും ശ്രീകുമാര്‍ പറഞ്ഞു. ചര്‍ച്ചക്ക് കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ എത്താത്തതില്‍ ജനപ്രതിനിധികളും സംരക്ഷണ സമിതി പ്രവര്‍ത്തകരും പ്രതിഷേധം രേഖപ്പെടുത്തി. നാട്ടുകാരുടെ ആശങ്കയകറ്റാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്തതിന് സര്‍വകലാശാല അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ആര്‍.ഡി.ഒ ഉറപ്പുനല്‍കി. ലീസ് എഗ്രിമെന്‍റ്, പ്ളാന്‍, സ്കെച്ച് എന്നിവ 15 ദിവസത്തിനകം നല്‍കാന്‍ പി.ഡബ്ള്യു.ഡി ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവൃത്തികള്‍ നിയമപരമായാണ് നടക്കുന്നതെന്നും നിയമപരമല്ലാത്ത പ്രവൃത്തികള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ഡി.ഒ ഉറപ്പുനല്‍കിയിട്ടുണ്ട്. പൈങ്ങോട്ടൂര്‍ പരിസര സംരക്ഷണസമിതി ഭാരവാഹികളായ കെ. റഫീഖ്, എം.കെ. സെയ്തലവി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.