കൊണ്ടോട്ടി നഗരസഭ: ഗുണഭോക്തൃ പദ്ധതികള്‍ക്ക് അനുവദിച്ച അഞ്ച് കോടി നഷ്ടപ്പെടാന്‍ സാധ്യത

കൊണ്ടോട്ടി: ജനങ്ങള്‍ക്ക് ലഭിക്കേണ്ട അഞ്ച് കോടി രൂപ നഗരസഭയില്‍ പാഴാകുമെന്ന് സൂചന. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകളായ സമയത്ത് വിവിധ ഗുണഭോക്തൃ പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടുകളാണ് നഷ്ടപ്പെടാന്‍ വഴിയൊരുങ്ങുന്നത്. കൂടാതെ വകമാറി ചെലവാക്കാന്‍ സാധിക്കാത്തതിനാല്‍ വേറെയും ലക്ഷങ്ങള്‍ നഷ്ടപ്പെടാന്‍ കളമൊരുങ്ങുന്നതായാണറിയുന്നത്. പഞ്ചായത്തുകളായ സമയത്ത് വി.ഇ.ഒമാര്‍ മുഖേന ചെലവഴിക്കേണ്ട നാലരക്കോടി രൂപ നിര്‍വഹണം നടത്താന്‍ ഇതുവരെ സര്‍ക്കാര്‍ സെക്രട്ടറിക്കോ മറ്റാര്‍ക്കെങ്കിലുമോ ചുമതല നല്‍കാത്തതാണ് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പണം നഷ്ടപ്പെടാന്‍ കാരണമാവുന്നത്. വീട് നിര്‍മാണം, റിപ്പയര്‍, കക്കൂസ്, എന്നിവക്കുള്ള ഫണ്ടുകളാണ് നഷ്ടപ്പെടാന്‍ സാധ്യത. സോഫ്റ്റ്വെയറുകളില്‍ മാറ്റം വരുത്താത്തതും ഉദ്യോഗസ്ഥര്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതി സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. ഇതിനും സാധിക്കില്ളെന്നാണറിയുന്നത്. അങ്ങനെയെങ്കില്‍ കോടികളായിരിക്കും നഗരസഭയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുക. സംഭവത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്ക് നഗരസഭാ അധികൃതര്‍ നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.