മലപ്പുറം: കുന്നുമ്മല്‍-കോട്ടക്കുന്ന് റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് പിരിക്കരുതെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം. റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ വിവിധയിടങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നത് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീലയാണ് യോഗത്തെ അറിയിച്ചത്. നഗരസഭ നിര്‍മിച്ച റോഡില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുവദിക്കരുതെന്ന് യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇവിടെ ഫീസ് പിരിക്കാന്‍ അനുവാദമില്ളെന്നും കോട്ടക്കുന്ന് പ്രധാനകവാടത്തിന് മുന്നിലും മുകളിലുള്ള പാര്‍ക്കിങ് ഏരിയയിലുമാണ് ഫീസ് പിരിക്കാന്‍ അനുവാദമുള്ളതെന്ന് അധ്യക്ഷ യോഗത്തെ അറിയിച്ചു. നഗരസഭയുടെ ഒരു അനുമതിയും കൂടാതെയാണ് ഇവിടെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതെന്നും ഈ വിഷയത്തില്‍ ഡി.ടി.പി.സി സെക്രട്ടറിയുമായി ചര്‍ച്ച നടത്തുമെന്നും ചെയര്‍പേഴ്സന്‍ പറഞ്ഞു. മുണ്ടുപറമ്പ് ശ്മശാനത്തിന്‍െറ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജനുവരി 23ന് ഉദ്ഘാടനം നടക്കും. നഗരസഭാ പ്രദേശങ്ങളിലെ മാലിന്യം ശേഖരിച്ച് പ്ളാന്‍റിലത്തെിക്കുന്ന കുടുംബശ്രീ ക്ളീന്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കി വരുന്ന വേതനം തുടര്‍ന്ന് നല്‍കാനും തീരുമാനിച്ചു. തനത് ഫണ്ടില്‍നിന്ന് തുക അനുവദിക്കുന്നതിനെതിരെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ മറ്റ് നഗരസഭകളിലൊന്നും ഇത്തരത്തില്‍ ഫണ്ട് അനുവദിക്കുന്നില്ല. മറ്റൊരു വഴി കണ്ടത്തെുന്നത് വരെ നിലവിലുള്ള രീതി തുടരാനാണ് കൗണ്‍സില്‍ തീരുമാനം. നഗരസഭാ പരിധിയിലെ മൂന്ന് ആശുപത്രികളുടെ എച്ച്.എം.സി രൂപവത്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സൗജന്യ നിയമസഹായം ലഭിക്കുന്നതിനുള്ള ഏറനാട് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയുടെ പരിധിയിലെ ലീഗല്‍ ക്ളിനിക്കിനെക്കുറിച്ച് ബോധവത്കരണം നടത്തും. നഗരസഭ പരിധിയിലെ കേടായ തെരുവുവിളക്കുകള്‍ നന്നാക്കാന്‍ നടപടിയായതായി ചെയര്‍പേഴ്സന്‍ അറിയിച്ചു. ടെന്‍ഡര്‍ നല്‍കുന്ന നടപടി ഒഴിവാക്കി രണ്ട് ജോലിക്കാരെ ഇതിനായി നഗരസഭ നേരിട്ട് നിയമിക്കും. തൃശൂര്‍ ജില്ലയിലെ അടാട്ട് പഞ്ചായത്ത് മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.