ജില്ലയില്‍ ഇനി കുടുംബശ്രീ വനിതാ കണ്ടക്ടര്‍മാരും

മലപ്പുറം: കുടുംബശ്രീ വനിതകളെ ഉള്‍പ്പെടുത്തി 200 പേരുടെ വനിതാ കണ്ടക്ടര്‍ ബാങ്ക് രൂപവത്കരിക്കുന്നു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍നിന്ന് രണ്ടുവീതം കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള കണ്ടക്ടര്‍ ലിസ്റ്റ് മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കണ്ടക്ടര്‍മാരെ ആവശ്യമുള്ള ബസുടമകള്‍ക്ക് വെബ്സൈറ്റ് നോക്കി സേവനം ആവശ്യപ്പെടാമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ എം.പി. അജിത്കുമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് പരിശീലനം നല്‍കി വനിതാ കണ്ടക്ടര്‍മാരെ ഒരുക്കുന്നത്. മലപ്പുറത്ത് പൊതുവേ ബസുകളില്‍ ടിക്കറ്റ് കൊടുക്കുന്നില്ളെന്ന പരാതി നിലവിലുണ്ട്. ടിക്കറ്റ് കൊടുക്കാത്തതിന് ഉടമകളാണ് പിഴ അടക്കേണ്ടി വരുന്നത്. എന്നാല്‍, വാഹന ഉടമകള്‍ പറയുന്നതാകട്ടെ, നല്ല കണ്ടക്ടര്‍മാരെ കിട്ടാനില്ളെന്നും പലരും പറഞ്ഞാല്‍ കേള്‍ക്കുന്നില്ളെന്നുമാണ്. 15 ശതമാനം പേര്‍ കണ്ടക്ടര്‍ ലൈസന്‍സില്ലാതെയാണ് മലപ്പുറത്ത് ജോലി ചെയ്യുന്നത്. ഇതിന് പരിഹാരം കൂടിയാണ് വനിതാ കണ്ടക്ടര്‍ ബാങ്കെന്നും ആര്‍.ടി.ഒ പറഞ്ഞു. യുവാക്കളായ പല കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പാന്‍പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മികച്ച ഡ്രൈവറെയും കണ്ടക്ടറെയും തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത 30 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസുള്ളവര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാനും പൊതുഗതാഗത സംവിധാനത്തിന് ജനങ്ങളുടെ വിശ്വാസവും പ്രോത്സാഹനവും ലഭിക്കാനുമാണ് സേവനതല്‍പരരായ കുടുംബശ്രീ വനിതകളെ കണ്ടക്ടര്‍ ജോലിക്കായി ഒരുക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ തുടങ്ങുന്ന പരിശീലനത്തിനായി 120ഓളം അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനകം കണ്ടക്ടര്‍ ബാങ്കിലുള്‍പ്പെട്ടവരുടെ പേരുവിവരം പ്രസിദ്ധീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കുന്ന റോഡ് സുരക്ഷാ വാരം ജില്ലാതല സമാപന പരിപാടിയില്‍ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.