നിരത്തുകളില്‍ ഇനിയും ചോരയൊഴുകാതിരിക്കട്ടെ

മലപ്പുറം: വാഹനാപകടങ്ങള്‍ ഭീതിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ അപകട രഹിത മലപ്പുറത്തിന് സമഗ്ര പദ്ധതിയുമായി തദ്ദേശ സ്ഥാപനങ്ങളും മോട്ടോര്‍ വാഹന വകുപ്പും. ജില്ലയിലെ ഓരോ പഞ്ചായത്തും മുനിസിപ്പാലിറ്റിയും അപകട രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് ഭാരവാഹികളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ആദ്യഘട്ടമായി ഫെബ്രുവരി 28ന് മുമ്പ് ജില്ലയില്‍ നൂറു ശതമാനം ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് ഉപയോഗം നടപ്പാക്കും. കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ വീടുകള്‍ തോറും ബോധവത്കരണം നടത്തും. ഡ്രൈവര്‍മാര്‍ക്ക് അവബോധമുണ്ടാക്കാന്‍ നോട്ടീസുകളും കാര്‍ഡുകളും വിതരണം ചെയ്യും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ളാസുകള്‍ സംഘടിപ്പിക്കും. രണ്ടാഴ്ചയിലൊരിക്കല്‍ പൊലീസ് വകുപ്പും മോട്ടോര്‍ വാഹനവകുപ്പും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍ എന്നിവരെ നേരിട്ട് കാണുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. രണ്ടാംഘട്ടമായി പഞ്ചായത്തുകളില്‍ റോഡിന്‍െറ വശങ്ങളിലുള്ള അനധികൃത പരസ്യ ബോര്‍ഡുകളും വഴിയോര കച്ചവടങ്ങളും മാറ്റും. അനധികൃത പാര്‍ക്കിങ് കര്‍ശനമായി നിരോധിക്കും. റോഡരികിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റും. മൂന്നാംഘട്ടത്തില്‍ എല്ലാ ബസ്സ്റ്റാന്‍ഡുകളിലും സി.സി ടി.വി കാമറകള്‍ സ്ഥാപിച്ച് അതത് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും. രാത്രി സമയത്ത് ബസുകള്‍ ട്രിപ്പ് റദ്ദാക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. മാസത്തില്‍ രണ്ട് ദിവസം ‘ബസ് എ ഡെ’ ആയി പ്രഖ്യാപിക്കുകയും അന്ന് സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതു ഗതാഗതത്തെ മാത്രം ആശ്രയിക്കും. നാലാംഘട്ടത്തില്‍ എല്ലാ താലൂക്കുകളിലും കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, ആര്‍.ടി.ഒ അജിത്കുമാര്‍, എം.വി.ഐ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.