ഫാത്തിമയുടെ ചിത്രങ്ങളില്‍ നോവിന്‍െറ നിറം; വാങ്ങാന്‍ പ്രമുഖരുടെ നിര

പൊന്നാനി: അരക്കുതാഴെ തളര്‍ന്ന ഫാത്തിമ വേദനകള്‍ മറന്ന് വര്‍ണം നല്‍കിയ ചിത്രങ്ങള്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയും ഏറ്റുവാങ്ങി. വെളിയങ്കോട് ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ. വെളിയങ്കോട് ഖത്തര്‍ വെളിച്ചം ഗ്രൂപ് യു.ആര്‍.സിയുടെ സഹകരണത്തോടെ നടത്തിയ ‘കൈത്താങ്ങ്’ ഭിന്നശേഷി കലോത്സവ വേദിയിലാണ് ഫാത്തിമയുടെ ചിത്രപ്രദര്‍ശനം ഒരുക്കിയത്. ഒട്ടേറെ സുമനസ്സുകള്‍ പെയിന്‍റിങ്ങുകള്‍ വാങ്ങി. 1001 രൂപ നല്‍കി വെളിയങ്കോട് ജി.എം.എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ റസാഖ് പെയിന്‍റിങ് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജന്മനാ അരക്ക് താഴെ തളര്‍ന്ന് സ്കൂളില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന ഫാത്തിമ ഒഴിവ് സമയത്താണ് ഗ്ളാസ് പെയിന്‍റിങ്, എമ്പോസ് പെയിന്‍റിങ് എന്നിവ പഠിച്ചത്. പൊന്നാനി യു.ആര്‍.സിയിലെ റിസോഴ്സ് ടീച്ചറായ ആയിഷയാണ് ഫാത്തിമക്ക് വര്‍ണങ്ങളുടെ വാതായനങ്ങള്‍ തുറന്നുകൊടുത്തത്. അഷ്റഫ് കോക്കൂര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്ല വാവൂര്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ മുജീബ് റഹ്മാന്‍, എടപ്പാള്‍ ബി.പി.ഒ വി.കെ. നാസര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഫാത്തിമയുടെ പെയിന്‍റിങ് വാങ്ങി. ഖത്തര്‍ വെളിച്ചം ഗ്രൂപ് പ്രവര്‍ത്തകരായ ടി.പി. മജീദ്, സിദ്ദീഖ് കണ്ടംകോട്ട്, ഷഫാഅത്ത്, ജാഫര്‍, ജിഷാര്‍, റഫീഖ് സൂപ്പി, കെ.പി. അലി, പൊന്നാനി ബി.പി.ഒ മുഹമ്മദ് സിദ്ദീഖ്, റിസോഴ്സ് അധ്യാപകരായ കെ. പ്രജോഷ്, കെ. സാജിത, എം.പി. രേഖ, രാജേഷ്, വി. രേഖ, പ്രീത, ദീപ്ന, പ്രീത തിരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.