നിര്‍മാണത്തിന് സ്റ്റാര്‍ട്ട്; വേണം ഹൈസ്പീഡ്

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് മികച്ച സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍ എന്ന മലപ്പുറത്തുകാരുടെ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഈ ഒരുദിവസത്തിനായി അവര്‍ കാത്തിരിപ്പു തുടങ്ങിയിട്ട് വര്‍ഷം ഏഴ് കഴിഞ്ഞു. ഒപ്പം പ്രഖ്യാപിച്ച ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ളക്സുകള്‍ എന്നേ പണി പൂര്‍ത്തിയായിട്ടും ശോച്യാവസ്ഥയില്‍ തുടരുകയായിരുന്നു മലപ്പുറം സബ് ഡിപ്പോ. നിര്‍മാണ പ്രവൃത്തികള്‍ക്ക് ശനിയാഴ്ച കുന്നുമ്മലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നിര്‍വഹിച്ചു. മലപ്പുറം കെ.എസ്.ആര്‍.ടി.സിയുടെ വികസനം ജനങ്ങള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതിന്‍െറ നേര്‍സാക്ഷ്യമായിരുന്നു ചടങ്ങിനത്തെിയ വന്‍ ജനക്കൂട്ടം. നിര്‍മാണം തുടങ്ങി, വേഗത്തില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് അടുത്തപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ മലപ്പുറത്തെ ജീവനക്കാരുടെ പിന്തുണ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇവിടത്തെ പ്രതിദിന കലക്ഷന്‍ 5.5 ലക്ഷം രൂപയാണ്. അത് 6.5ലത്തെിക്കാന്‍ യത്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൈവിട്ടുപോയെന്ന് കരുതിയിടത്ത് നിന്നാണ് ഗതാഗത മന്ത്രിയുടെയും എം.എല്‍.എയുടെയും പ്രവര്‍ത്തനഫലമായി ബസ്സ്റ്റേഷന്‍ മലപ്പുറത്തിന് ലഭിച്ചതെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. മലപ്പുറം സബ് ഡിപ്പോയുടെ 2.4 ഏക്കര്‍ സ്ഥലത്ത് ആറുനില കെട്ടിടത്തില്‍ ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാനാണ് പദ്ധതി. ആദ്യഘട്ടം മൂന്ന് നില പൂര്‍ത്തിയാക്കും. ഇതിന് ഏഴ് കോടി 90 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഷോപ്പിങ് കോംപ്ളക്സില്‍ 60ഓളം മുറികളുണ്ടാവും. 15 ബസുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാം. 100 പേര്‍ക്ക് ഇരിപ്പിട സൗകര്യവും ഒരുക്കും. ഒന്നര വര്‍ഷം കൊണ്ട് പണി തീര്‍ക്കുമെന്നാണ് പ്രഖ്യാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.