തിരൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം: വിധി നിര്‍ണയത്തിനെതിരെ വ്യാപക പരാതി

തിരൂര്‍: ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ച തിരൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തിനെതിരെ വ്യാപക പരാതി. ഫല പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് 60 മത്സരാര്‍ഥികള്‍ അപ്പീലുമായി ഡി.ഇ.ഒക്ക് മുന്നിലത്തെി. കലാരംഗത്ത് മുന്‍ പരിചയം പോലുമില്ലാത്തവരെ വിധി കര്‍ത്താക്കളാക്കിയെന്നാണ് ആക്ഷേപം. വിധി കര്‍ത്താക്കള്‍ പക്ഷപാതപരമായി പെരുമാറിയെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. മലയാളം പ്രസംഗത്തില്‍ സമയപരിധിക്ക് ശേഷവും പ്രസംഗിച്ച രണ്ട് കുട്ടികള്‍ക്കാണ് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, ഇംഗ്ളീഷ് പ്രസംഗത്തില്‍ സമയപരിധി കഴിഞ്ഞെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് അയോഗ്യത കല്‍പ്പിച്ചത്രെ. ശാസ്ത്രീയ സംഗീതത്തില്‍ ശ്രുതി വ്യക്തമായി കേട്ടില്ളെന്നതാണ് ഒരു മത്സരാര്‍ഥിയെ രണ്ടാം സ്ഥാനക്കാരനാക്കുന്നതിന് വിധി കര്‍ത്താക്കള്‍ നിരത്തിയ ന്യായം. ഇതേ വിദ്യാര്‍ഥിയോട് വിധികര്‍ത്താക്കള്‍ തന്നെ നിങ്ങള്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട സംഭവവുമുണ്ടായി. മലയാള പദ്യപാരായത്തില്‍ രണ്ടാം സ്ഥാനക്കാരനായ വിദ്യാര്‍ഥിയോട് പദ്യ പാരായണത്തിനിടെ ശാസ്ത്രീയ സംഗീത ശൈലി കടന്നു വന്നുവെന്നതാണ് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതിന് കാരണം പറഞ്ഞത്. ലളിതഗാനത്തില്‍ വരി തെറ്റിച്ചു പാടിയെന്ന് വിധി കര്‍ത്താക്കള്‍ കുറ്റപ്പെടുത്തിയ വിദ്യാര്‍ഥിക്കാണ് ഒന്നാം സ്ഥാനം നല്‍കിയത്. ഭരതനാട്യത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കിയതും വിവാദമായി. രണ്ട് പേരും വെള്ളിയാഴ്ച ജില്ലാതല മത്സരത്തിന് അവസരം തേടി ഡി.ഇ.ഒക്ക് മുന്നിലത്തെി. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം തുടങ്ങി മിക്ക നൃത്ത ഇനങ്ങളുടെയും വിധിനിര്‍ണയത്തിനെതിരെ ഡി.ഇ.ഒക്ക് പരാതി ലഭിച്ചു. പല വിധികര്‍ത്താക്കളും മതിയായ യോഗ്യതയോ മുന്‍ പരിചയമോ ഇല്ലാത്തവരായിരുന്നുവെന്ന് നൃത്താധ്യാപകരും രക്ഷിതാക്കളും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോണോ ആക്റ്റ് കലാകാരനെ നൃത്ത ഇനത്തിന്‍െറ വിധികര്‍ത്താവാക്കിയതുള്‍പ്പെടെയുള്ള അപാകതകള്‍ ഉണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടി. തിരൂര്‍ ഉപജില്ലയില്‍നിന്ന് മാത്രം 60 അപ്പീലുകളാണ് വെള്ളിയാഴ്ച ഡി.ഇ.ഒക്ക് ലഭിച്ചത്. കുറ്റിപ്പുറത്ത് നിന്ന് 32ഉം പൊന്നാനിയില്‍നിന്ന് 21ഉം എടപ്പാളില്‍നിന്ന് 23ഉം അപ്പീലുകളും വെള്ളിയാഴ്ച സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.