ആദിവാസികളുടെ പരാതികള്‍ക്ക് പരിഹാരവുമായി ഓടക്കയത്ത് കലക്ടറത്തെി

ഊര്‍ങ്ങാട്ടിരി: ദുരിതങ്ങള്‍ ഇഴചേര്‍ന്ന ജീവിതം നയിക്കുന്ന ആദിവാസികള്‍ക്കിടയിലേക്ക് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ എത്തി. കുന്നോളം വരുന്ന പരാതികള്‍ക്കിടയിലേക്കാണ് ഞായറാഴ്ച രാവിലെ 11ന് ഓടക്കയത്തത്തെിയത്. അദ്ദേഹത്തോടൊപ്പം വിവിധ വകുപ്പുദ്യോഗസ്ഥരും നെല്ലിയായി കോളനിയിലത്തെി. മമ്പാട് ഗ്രാമപഞ്ചായത്തില്‍ വരുന്ന മാടം കോളനിയിലെ കൂരകളിലും പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളിലും കയറിയിറങ്ങി. കുടിവെള്ള സ്രോതസ്സുകളായ ചോലകളുടെ നീരുറവകള്‍ നിലനിര്‍ത്താന്‍ 100 മീറ്റര്‍ ചുറ്റളവില്‍ തടയണകളും മഴക്കുഴികളും നിര്‍മിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജീപ്പിനു മാത്രം പോകാവുന്ന ചെങ്കുത്തായ ദുര്‍ഘടപാതകളിലൂടെയുള്ള യാത്രാദുരിതവും നേരിട്ടറിഞ്ഞു. തുടര്‍ന്ന് ഉച്ചക്ക് 12.30ഓടെ റബര്‍ ഉല്‍പാദക സഹായ സംഘം ഓഫിസ് മുറ്റത്തെ ചെറിയ പന്തലില്‍ ആദിവാസികളുടെ പരാതികള്‍ കേട്ടു. ഓടക്കയത്തെ എട്ട് കോളനികളിലെ ദുരിതങ്ങള്‍ക്ക് പരിഹാരം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത അരീക്കോട് മേഖലാ ആദിവാസിക്ഷേമ സമിതിയുടെ സെക്രട്ടറി നിശാന്ത് നെല്ലിയായിയാണ് ദുരിത കെട്ടഴിച്ചത്. തുടര്‍ന്ന് വിവിധ ആവശ്യങ്ങളുമായി സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ വാങ്ങി. ഗതാഗത സൗകര്യം, ഭൂമിക്ക് പട്ടയം നല്‍കല്‍, വീടുകളുടെ പണി പൂര്‍ത്തിയാക്കുക, കക്കൂസുകള്‍ നിര്‍മിക്കുക, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, അങ്കണവാടികള്‍, സാംസ്കാരിക കേന്ദ്രം, പ്രീമെട്രിക് ഹോസ്റ്റലിന് സ്വന്തം കെട്ടിടം, കുടിവെള്ള പ്രശ്നം, തൊഴില്‍ ദായക സഹകരണ സംഘം സ്ഥാപിക്കുക, പട്ടികവര്‍ഗ വികസന ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചയിലൊരിക്കല്‍ സ്ഥലത്ത് ക്യാമ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചത് കലക്ടര്‍ കേട്ടു. പരാതികളില്‍ ഓട്ടിസം ബാധിച്ച യുവതിക്ക് ചികിത്സക്കുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡില്ലാത്ത അധ്യാപികക്ക് എ.പി.എല്‍ റേഷന്‍ കാര്‍ഡ് നല്‍കി. സബ് കലക്ടര്‍ ജാഫര്‍ മാലിക്, ആര്‍.ഡി.ഒ ജെ.ഒ. അരുണ്‍, പൊതുവിതരണ വകുപ്പ് ജില്ലാ ഓഫിസര്‍ എന്‍.കെ. നോര്‍ബെര്‍ട്ട്, ഏറനാട് താലൂക്ക് സപൈ്ള ഓഫിസര്‍ പി.ആര്‍. ജയചന്ദ്രന്‍, ജില്ലാ സാമൂഹിക ക്ഷേമ ഓഫിസര്‍ കെ.വി. സുഭാഷ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ. കൃഷ്ണമൂര്‍ത്തി, ലീഡ് ബാങ്കിങ് ഓഫിസര്‍ അബ്ദുല്‍ ജബ്ബാര്‍, തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ സാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സത്യകുമാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത കമ്പളത്ത്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ മഹ്സൂദ്, വാര്‍ഡംഗങ്ങളായ സുനിതാ മനോജ്, പ്രസന്ന കുന്നത്ത്, ഷഹീറ മൂഴിയില്‍, ആത്രങ്ങാടന്‍ കുഞ്ഞന്‍, മുണ്ടോടന്‍ ഹഫ്സത്ത്, ബേബി റുബീന, വി.ടി. അബ്ദുല്‍ സലീം, വെറ്റിലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം ഡോക്ടര്‍മാരായ അക്ബര്‍ സാദിഖ്, അസ്ലം, സ്റ്റാഫ് നഴ്സ് സനൂപ്, ജെ.പി.എച്ച്.എന്‍ ജമീല എന്നിവര്‍ കലക്ടറുടെ നിര്‍ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാതോര്‍ത്തു. ഉന്നയിച്ച പരാതികള്‍ക്ക് ഏറക്കുറെ പരിഹാരം ഉടന്‍ ലഭിക്കുമെന്ന ആശ്വാസത്തോടെയാണ് ആദിവാസികള്‍ കലക്ടറെ യാത്രയാക്കിയത്. വിഭവസമൃദ്ധമായ സദ്യയും ആദിവാസിക്ഷേമ സമിതി ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.