ഈ കുഞ്ഞുമക്കള്‍ക്കൊരു കൂര വേണം...

വണ്ടൂര്‍: കുംഭച്ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ ജന്മനാ അംഗവൈകല്യമുള്ള യുവാവും മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയും എട്ട് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം ആറ് മക്കളെയും കൊണ്ട് കഴിയുന്നത് പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് മറച്ച കൂരയില്‍. പോരൂര്‍ ചുണ്ടങ്ങചോലയില്‍ തിയ്യാരി മരക്കാരകത്ത് ജലീലിന്‍െറ കുടുംബത്തിനാണ് ഈ ദുര്‍ഗതി. ശരിയാംവിധം നടക്കാന്‍ കഴിയാത്തതിനാല്‍ 42കാരനായ ജലീലിന് ചെറിയ ജോലികള്‍ എടുക്കാനേ കഴിയൂ. ഭാര്യ മാനസികരോഗ ചികിത്സയിലും. മൂത്ത മകന് പ്രായം 11. നാട്ടുകാര്‍ നല്‍കിയ നിവേദനപ്രകാരം പോരൂര്‍ മുതീരി ഉരുളഞ്ചേരി കോളനിയില്‍ പഞ്ചായത്ത് വക വീട്ടിലായിരുന്നു താമസം. എന്നാല്‍, അറ്റകുറ്റപണികളുടെ അഭാവം കാരണം വീട് പാടെ തകര്‍ന്നു. ഇതോടെ ചുണ്ടങ്ങ ചോലയില്‍ സ്വന്തമായി ലഭിച്ച മിച്ചഭൂമിയിലേക്ക് താമസം മാറി. നാട്ടുകാരാണ് പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് കൂര പണിതുനല്‍കിയത്. ഉടന്‍ വീട് നല്‍കുമെന്ന് പഞ്ചായത്തിന്‍െറ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. മുമ്പ് വീടനുവദിച്ചതിനാല്‍ 12 വര്‍ഷം കഴിയാതെ പുതിയ വീടിന് അനുമതി നല്‍കാന്‍ കഴിയില്ളെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ചൂട് സഹിക്കവയ്യാതെ പലപ്പോഴും കുട്ടികള്‍ കരയുന്നത് കേള്‍ക്കാറുണ്ടെന്ന് നാട്ടുകാരനായ തോരപ്പ അബ്ബാസ് പറയുന്നു. മക്കള്‍ക്ക് സ്വസ്ഥമായുറങ്ങാന്‍ കഴിയുന്ന കൂരയെന്ന സ്വപ്നം പൂവണിയുന്നതും കാത്തിരിക്കുകയാണ് ജലീലും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.