പട്ടയം കിട്ടിയ ഭൂമി അളന്നുകിട്ടാന്‍ 20 വര്‍ഷം നീണ്ട കാത്തിരിപ്പ്: ഈ കുടുംബങ്ങള്‍ക്കറിയണം തങ്ങള്‍ക്ക് കിട്ടിയ മണ്ണിന്‍െറ അതിരടയാളങ്ങള്‍

മഞ്ചേരി: സര്‍ക്കാര്‍ തങ്ങള്‍ക്ക് പതിച്ച് നല്‍കി പട്ടയവും കൈമാറിയ നറുകര വില്ളേജിലെ മിച്ചഭൂമി അളന്ന് നല്‍കുന്നതിന് 20 വര്‍ഷമായി 30 കുടുംബങ്ങളുടെ കാത്തിരിപ്പ്. ഭൂമി അളന്നു വേര്‍തിരിച്ചു നല്‍കുകയെന്ന നടപടി മാത്രം ബാക്കിവെച്ച് ജില്ലാ കലക്ടറും ഏറനാട് താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥരും ഇവരെ വട്ടം കറക്കുകയാണ്. 1991 ജനുവരി 30നാണ് മഞ്ചേരി നറുകര വില്ളേജിലെ റീസര്‍വേ 185ല്‍ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തിയുടെ 6.44 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. മലപ്പുറത്ത് കലക്ടറേറ്റില്‍ വെച്ച് 1996 ഒക്ടോബര്‍ 23ന് മഞ്ചേരിയിലും പരിസരങ്ങളിലുമുള്ള 30 ഭൂരഹിതര്‍ക്ക് 20 സെന്‍റ് വീതം ഈ ഭൂമി പതിച്ച് പട്ടയവും നല്‍കി. 44 സെന്‍റ് വഴിയൊരുക്കാന്‍ വെച്ചു. എന്നാല്‍ കിട്ടിയ ഭൂമി ഏതെന്ന് കാണിച്ചുകൊടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. സ്ഥലത്തിന്‍െറ ഒരുഭാഗത്ത് സ്വകാര്യ കൈയേറ്റമുണ്ടെന്നും അത് സംബന്ധിച്ച് തര്‍ക്കമുണ്ടെന്നും വിഷയം കോടതിയിലാണെന്നുമാണ് റവന്യൂ വകുപ്പ് പറയുന്നത്. മഞ്ചേരി പട്ടര്‍കുളം അടങ്ങുംപുറത്ത് അഞ്ച്, കൂളമഠത്ത് അഞ്ച്, പട്ടര്‍കുളം പള്ളിക്കടുത്ത കോളനിയില്‍ നാല്, മംഗലശേരിയില്‍ മൂന്ന്, കോഴിക്കാട്ടുകുന്നില്‍ അഞ്ച് എന്നിങ്ങനെയാണ് കുടുംബങ്ങള്‍. പലരും വാടക വീട്ടിലും ക്വാര്‍ട്ടേഴ്സുകളിലുമാണ് താമസിക്കുന്നത്. 30 കുടുംബങ്ങളില്‍ രണ്ടു ഗൃഹനാഥര്‍ സമീപകാലത്ത് മരണപ്പെട്ടു. ഭൂമി പതിച്ചു കിട്ടിയ അന്ന് മുതല്‍ 2014 വരെ എല്ലാ കുടുംബങ്ങളും 20 സെന്‍റ് വീതം മണ്ണിന് നികുതി അടക്കുന്നുണ്ട്. 96 മുതല്‍ 2008 വരെ തുടര്‍ച്ചയായി കുടുംബങ്ങള്‍ വില്ളേജ് ഓഫിസില്‍ കയറിയിറങ്ങി അന്വേഷിച്ചെങ്കിലും നടപടിയുണ്ടായില്ല. 2011ല്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അതേസമയം ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് വീടുവെക്കാന്‍ മൂന്നു സെന്‍റ് വീതമായി ഇത് പതിച്ചുനല്‍കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. രണ്ടു മാസം മുമ്പ് ജില്ലാ കലക്ടറെ കുടുംബങ്ങളില്‍ ചിലര്‍ സന്ദര്‍ശിച്ചിരുന്നു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്നു സെന്‍റ് മണ്ണിനായി 24,000 കുടുംബങ്ങളാണ് ജില്ലയില്‍ കാത്തിരിക്കുന്നത്. 30 കുടുംബങ്ങളില്‍ പകുതിയോളം പട്ടികജാതി കുടുംബങ്ങളാണ്. പതിച്ചു തന്ന ഭൂമി ഒരുകാലത്തും അളന്ന് കിട്ടില്ളെന്ന് അറിഞ്ഞ് ഒരാള്‍ എല്ലാം വിറ്റ്പെറുക്കി മൂന്ന് സെന്‍റ് സ്ഥലം വാങ്ങി. ഭൂമി പതിച്ചു കിട്ടിയ അന്നു മുതല്‍ ഇപ്പോഴും വാടകവീട്ടിലാണ് രണ്ട് കുടുംബങ്ങള്‍. വിഷയത്തില്‍ ഇടപെടുമെന്നും കുടുംബങ്ങളെ സംഘടിപ്പിച്ച് സമരത്തിനിറങ്ങുമെന്നും പറഞ്ഞ് പ്രമുഖ രാഷ്ട്രീയ കക്ഷി രംഗത്ത് വന്നിരുന്നു. പിന്നീട് അവരെയും കണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.