കാഞ്ഞിരപ്പള്ളി-നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി : ലാഭത്തിലോടുന്ന ബസിന്‍െറ സമയം മാറ്റാന്‍ നിര്‍ദേശം

മഞ്ചേരി: കെ.എസ്.ആര്‍.ടിസിയുടെ കാഞ്ഞിരപ്പള്ളി-നിലമ്പൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസിന്‍െറ സമയം സ്വകാര്യ ബസ് ലോബിക്ക് വേണ്ടി മാറ്റി. കാഞ്ഞിരപ്പള്ളിയില്‍നിന്ന് വൈകീട്ട് 3.45ന് തുടങ്ങിയിരുന്ന സര്‍വിസ് രാത്രി ഏഴിന് തുടങ്ങാനാണ് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് ഫോണ്‍വഴി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതിന്‍െറ കാരണം വ്യക്തമല്ല. ബസിന്‍െറ സമയം സംബന്ധിച്ച് പ്രത്യേക പരാതികളോ നിര്‍ദേശങ്ങളോ ലഭിച്ചിട്ടില്ല. മാത്രമല്ല, കെ.എസ്.ആര്‍.ടി.സിയില്‍ ലാഭത്തിലോടുന്ന അപൂര്‍വം സര്‍വിസുകളിലൊന്നാണിത്. പ്രതിദിനം 27,000 രൂപയാണ് ശരാശരി വരുമാനം. കിലോമീറ്ററിന് 40 രൂപ വരെയുണ്ട്. പ്രതിദിന വരുമാനം 35,000ല്‍ എത്തിയ സന്ദര്‍ഭവുമുണ്ട്. എന്‍ട്രന്‍സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ് സര്‍വിസ്. രാത്രി 11ന് പെരിന്തല്‍മണ്ണയിലും 12ന് കരുവാരകുണ്ടിലും 12.30ന് നിലമ്പൂരിലുമത്തെും. തൃശൂരില്‍നിന്ന് തുടങ്ങുന്ന രണ്ട് സര്‍വിസുകളും പാലാ-ബംഗളൂരു സര്‍വിസും നിലവില്‍ ഓടുന്ന അതേ സമയത്തേക്കാണ് കാഞ്ഞിരപ്പള്ളി-നിലമ്പൂര്‍ സര്‍വിസിന്‍െറ സമയവും മാറ്റിയിരിക്കുന്നത്. ലാഭത്തില്‍ ഓടുന്ന സര്‍വിസിന്‍െറ സമയം മാറ്റി ആദ്യം നഷ്ടത്തിലാക്കുകയും പിന്നീട് അക്കാര്യം പറഞ്ഞ് സര്‍വിസ് നിര്‍ത്തുകയും ചെയ്യാനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്. ചൊവ്വാഴ്ച മുതല്‍ 3.45ന് പകരം രാത്രി ഏഴിന് പുറപ്പെടാനാണ് ഫോണ്‍വഴി സന്ദേശം വന്നതെങ്കിലും പഴയ സമയത്തുതന്നെ ബസ് പുറപ്പെട്ടു. ബുധനാഴ്ച മുതല്‍ പുതിയ സമയം പാലിക്കും. ഇതോടെ മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാര്‍ ഈ സര്‍വിസ് ഉപേക്ഷിക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.