അനധികൃത കെട്ടിട നിര്‍മാണം: തിരൂരില്‍ ലീഗ് സമരത്തിന്

തിരൂര്‍: നഗരത്തിന്‍െറ ഹൃദയഭാഗത്ത് അനധികൃതമായി നടക്കുന്ന ബഹുനില കെട്ടിട നിര്‍മാണത്തിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 243/19 എന്ന സ്ഥലത്ത് കെട്ടിട നിര്‍മാണം നടക്കുന്ന പ്ളോട്ടിന്‍െറ ഒരു ഭാഗം റോഡും ഒരു ഭാഗം നിര്‍മാണത്തിലിരിക്കുന്ന എം.കെ. ഇടവഴി റോഡുമാണ്. ഇവിടെ പഴക്കം ചെന്ന അഞ്ചു പീടിക മുറികള്‍ ഉണ്ടായിരുന്നു. യു.ഡി.എഫ് കൗണ്‍സില്‍ ഭരണകാലത്ത് എം.കെ. ഇടവഴി പ്രവൃത്തി നടത്തിയിരുന്നതുമാണ്. പഴയ കെട്ടിടം നില്‍ക്കുന്ന സ്ഥലത്തുനിന്ന് എം.കെ. റോഡ് വികസനത്തിന് സ്ഥലം വിട്ടുതരാന്‍ പലതവണ ഉടമസ്ഥനോടാവശ്യപ്പെട്ടിട്ടും തരാത്തതിനാല്‍ റോഡ് പണി പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഈ സ്ഥലത്ത് നിലവിലെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് കെട്ടിടം പണി നടക്കുന്നത്. എല്‍.ഡി.എഫ് ഭരണ സമിതി വന്നശേഷം കഴിഞ്ഞ ഡിസംബര്‍ 28നാണ് ഈ പ്രവൃത്തിക്ക് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. പഴയ കെട്ടിടം നിലനിര്‍ത്തി അതിനുമുകളില്‍ ഒന്നും രണ്ടും നിലകള്‍ പണിയാനാണ് പെര്‍മിറ്റ്. എന്നാല്‍ പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കി തറയില്‍ നിന്നാണ് നിര്‍മാണം നടക്കുന്നത്. ഇതേ പ്രകാരം ബസ്സ്റ്റാന്‍ഡിനു സമീപം എന്‍.ഐ മദ്റസ റോഡില്‍ റസിഡന്‍സ് നിര്‍മാണത്തിനുള്ള അനുമതിയുപയോഗിച്ച് നടത്തുന്നത് കമേഴ്സ്യല്‍ കെട്ടിടം പണിയാണ്. ഈ കെട്ടിടത്തിന് നമ്പറിട്ടുകൊടുക്കാനുള്ള നീക്കം നടക്കുന്നതായി പരാതികള്‍ ഉയര്‍ന്നതായും ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി എ. സെയ്താലിക്കുട്ടി, ട്രഷറര്‍ വി.പി. ഉമ്മര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ കണ്ടാത്ത് കുഞ്ഞിപ്പ, കെ. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.