സംസ്ഥാനത്ത് പലയിടങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന് തലവന്മാരില്ല

കുറ്റിപ്പുറം: വാഹനാപകടങ്ങള്‍ ഏറുമ്പോഴും സംസ്ഥാനത്ത് പലയിടത്തും മോട്ടോര്‍ വാഹന വകുപ്പിന് തലവന്മാരില്ല. മൂവാറ്റുപുഴ, കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലും നാഷനലൈസ്ഡ് സെക്ടര്‍ കെ.എല്‍ 15 ലും ആര്‍.ടി ഓഫിസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ബസ് റൂട്ട് പെര്‍മിറ്റ് യോഗങ്ങള്‍ ചേരാനും ഹെവി വാഹനങ്ങളുടെ ടെസ്റ്റ് നടത്താനും ആര്‍.ടി ഓഫിസര്‍മാര്‍ നിര്‍ബന്ധമാണ്. ആറ് താലൂക്കുകളിലെ ജോയന്‍റ് ആര്‍.ടി ഓഫിസര്‍മാരുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റ് നല്‍കുന്ന വിവരം. അടൂര്‍, ചേര്‍ത്തല, കാഞ്ഞിരപ്പള്ളി, കൊട്ടാരക്കര, തിരൂരങ്ങാടി, വടക്കാഞ്ചേരി തുടങ്ങിയ സബ് ഓഫിസുകളിലെ ജോയന്‍റ് ആര്‍.ടി ഓഫിസര്‍മാരെയാണ് നിയമിക്കാത്തത്. ഇതില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ജോ. ആര്‍.ടി.ഒ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എം.വി.ഐ മാരുടെ ഒഴിവ് കണക്കിലെടുത്താല്‍ പല ഓഫിസുകളിലെ അംഗസംഖ്യയും കുറവാണ്. എം.വി.ഐമാരുടെ പ്രമോഷന്‍ നടക്കാത്തതും ഒഴിവിന് കാരണമാണ്. പല ജോയന്‍റ് ആര്‍.ടി ഓഫിസര്‍മാരും ക്ളറിക്കല്‍ പോസ്റ്റില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചവരായതിനാല്‍ ഹെവി വാഹനങ്ങളുടെ ടെസ്റ്റ് നടത്താന്‍ മറ്റ് ഓഫിസുകളില്‍ നിന്ന് ജോ. ആര്‍.ടി.ഒ വരാറാണ് പതിവ്. ഇത് രണ്ട് ഓഫിസുകളിലെ ലൈസന്‍സ് അപേക്ഷകളും കെട്ടിക്കിടക്കാന്‍ കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.