നടനകാന്തിയില്‍ ശോഭന; നിറമനസ്സോടെ ആസ്വാദകവൃന്ദം

തിരൂര്‍: വെള്ളിത്തിരയിലെ പ്രതിഭയുടെ നടനകാന്തി തുഞ്ചന്‍െറ മണ്ണില്‍ വിസ്മയപൂരം തീര്‍ത്തു. ഭാവ, രാഗ, താള ലയങ്ങളുമായി നടി പത്മശ്രീ ശോഭന നിറഞ്ഞാടിയപ്പോള്‍ ഭാഷയുടെ തറവാട്ടുമുറ്റം കലാസ്വാദനത്തിന്‍െറ ലഹരിയില്‍ നിറഞ്ഞാടി. തുഞ്ചന്‍പറമ്പിലെ ജനാരവം ആഹ്ളാദക്കുളിരില്‍ അലിഞ്ഞുചേര്‍ന്നു. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, സാറാജോസഫ്, പി. നന്ദകുമാര്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരങ്ങളെ സാക്ഷികളാക്കി ശിവസ്തുതികളോടെയായിരുന്നു ശോഭന ചുവടുകള്‍വെച്ച് തുടങ്ങിയത്. ശിവതാണ്ഡവം, ശിവനോടുള്ള നായികാപ്രണയം, പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശിവന്‍ തുടങ്ങിയവ നൃത്തച്ചുവടുകളായി അരങ്ങിലത്തെി. സ്വാതി തിരുനാളിന്‍െറ ‘പനിമതിമുഖി ബാലേ...’ കീര്‍ത്തനത്തോടൊപ്പം മഹാവിഷ്ണുവിനെ കാത്തിരിക്കുന്ന നായികയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ശോഭന അവതരിപ്പിച്ചത്. കൃഷ്ണവര്‍ണവും കുചേലവൃത്ത വിന്യാസവും ശിഷ്യയോടൊപ്പം വേദിയില്‍ നിറഞ്ഞപ്പോള്‍ ആസ്വാദകര്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു. താളാത്മകമായ ചുവടുകളും വിന്യാസങ്ങളും നിറഞ്ഞ തില്ലാനയോടെയാണ് രണ്ട് മണിക്കൂറോളം നീണ്ട നടനോത്സവത്തിന് തിരശ്ശീല വീണത്. വൈകീട്ട് ആറോടെതന്നെ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.