കാളമ്പാടി റോഡ് ജങ്ഷനില്‍ വീണ്ടും അപകടം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ എം.എസ്.പിക്ക് സമീപം കാളമ്പാടി റോഡ് ജങ്ഷനില്‍ വീണ്ടും അപകടം. തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ കെട്ടിടത്തിന്‍െറ മൂലയിലിടിച്ച് വായുവില്‍ കരണം മറിഞ്ഞ് മറ്റൊരു കാറിന് മുകളില്‍ വീഴുകയായിരുന്നു. ഇരു വാഹനങ്ങളിലുമുള്ളവര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ചുവിട്ടു. മലപ്പുറം ഡി.വൈ.എസ്.പി സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. മലപ്പുറം ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എല്‍ 53 ബി 7788 മാരുതി ഡിസയര്‍ കാര്‍ മുന്നിലുള്ള രണ്ട് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍വശത്തെ കെട്ടിടത്തിന്‍െറ മൂലയിലിടിച്ച് മറിയുകയായിരുന്നു. അമിതവേഗത്താല്‍ വായുവിലുയര്‍ന്ന കാര്‍ കാളമ്പാടി റോഡില്‍നിന്ന് കയറി വരികയായിരുന്ന കെ.എല്‍ 53 സി. 6600 ഐ ട്വന്‍റി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. അപകടം വരുത്തിയ കാര്‍ ഓടിച്ച മക്കരപറമ്പ് സ്വദേശി ഹാഫില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി ശിഹാബും കുടുംബവുമായിരുന്നു ഇടിയേറ്റ കാറിലുണ്ടായിരുന്നത്. ഇവര്‍ക്കും കാര്യമായ പരിക്കില്ല. രാത്രി ഒമ്പതരയോടെ ഡിവൈ.എസ്.പി എ. ഷറഫുദ്ദീന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പ്രദേശത്ത് അപകടത്തിനിടയാക്കുന്ന കെട്ടിടം പൊളിച്ചുനീക്കണമെന്നും ബോര്‍ഡ് മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്. കാളമ്പാടി റോഡ് ജങ്ഷനില്‍ അപകടം നിത്യസംഭവമാണ്. ദേശീയപാതയില്‍ വീതികുറഞ്ഞ ഈ ഭാഗത്ത് ഇരുവശത്തും സര്‍ക്കാര്‍ കെട്ടിടങ്ങളാണ്. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കെട്ടിടത്തിന്‍െറ ഒരുവശം റോഡിലേക്ക് തള്ളിനില്‍ക്കുന്നതും ഇതിനോട് ചേര്‍ന്ന് സ്ഥലനാമ ബോര്‍ഡ് സ്ഥാപിച്ചതും വാഹനയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കും ജില്ലാ പൊലീസ് മേധാവിക്കും ആര്‍.ടി.ഒക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പ്രദേശത്തെ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനുശേഷം രണ്ടുതവണ അപകടങ്ങളുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.