തുറന്നിട്ടും തുറക്കാതെ വേങ്ങര ആയുര്‍വേദ ആശുപത്രി

വേങ്ങര: ഗവ. ആയുര്‍വേദ ആശുപത്രിക്ക് ശാപമോക്ഷമായില്ല. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ഇരുനില കെട്ടിടം കൊട്ടും കുരവയുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും ആശുപത്രി സംവിധാനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. നിലത്ത് ടൈല്‍സ് പാകിയതടക്കം പൂര്‍ത്തിയായ കെട്ടിടത്തില്‍ പക്ഷേ, ഇതുവരെയും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. വേങ്ങര ടൗണില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈകുന്നതിലെ കാരണവും വ്യക്തമല്ല. ഗ്രാമപഞ്ചായത്തിന്‍െറ അധീനതയില്‍ വരുന്ന ആയുര്‍വേദ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി താല്‍പര്യമെടുക്കുന്നില്ളെന്ന് പരക്കെ പരാതിയുണ്ട്. 2006ലാണ് കേരളപ്പിറവിയുടെ 50ാം വാര്‍ഷിക സ്മാരകമായി വേങ്ങര ആയുര്‍വേദ ആശുപത്രി നിര്‍മാണത്തിന് ശിലാസ്ഥാപനം നടക്കുന്നത്. സ്ഥലം എം.എല്‍.എ ആയിരുന്ന മുസ്ലിം ലീഗ് പ്രതിനിധി എം. ഉമ്മര്‍ ശിലാസ്ഥാപനം നടത്തി ഒമ്പതുവര്‍ഷം കഴിഞ്ഞാണ് കെട്ടിടം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തത്. ശിലാസ്ഥാപനം നടന്ന് 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം ഉപയോഗിക്കാതെ ജീര്‍ണിച്ചു പോവുന്നതില്‍ ഉദ്ഘാടനം നടത്താന്‍ ആവേശം കാണിക്കുന്ന അധികാരികള്‍ക്ക് പ്രയാസം തോന്നുന്നില്ല. ഇപ്പോള്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്‍െറ ഉള്‍ച്ചുമരുകളില്‍ ടൈല്‍സ് പതിക്കുന്ന അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മരാമത്ത് പണികള്‍ക്കാവശ്യമായ സിമന്‍റും ടൈല്‍സുമൊക്കെ സ്റ്റോക്ക് ചെയ്യാനാണ് എല്‍ ഷെയ്പ് ആകൃതിയില്‍ നിര്‍മിച്ച ഇരുനില കെട്ടിടം ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പാവങ്ങളായ വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കട്ടിലിലും നിലത്തുമായി ബുദ്ധിമുട്ടുമ്പോഴും സര്‍വ സൗകര്യങ്ങളും സജ്ജീകരിച്ച പുതിയ ആശുപത്രി കെട്ടിടം ഉപയോഗിക്കാതെ ജീര്‍ണിച്ചു പോവുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതേസമയം, വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍ ലഭിക്കുമെന്നും വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കുഞ്ഞാലന്‍കുട്ടി പറയുന്നു. വൈദ്യുതി കണക്ഷന്‍ ലഭിച്ചാലുടനെ പഴയ കെട്ടിടത്തില്‍നിന്ന് പുതിയ കെട്ടിടത്തിലേക്ക് ആയുര്‍വേദ ആശുപത്രി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.