സര്‍ക്കിള്‍ ഓഫിസിന് കെട്ടിടം നല്‍കാന്‍ തയാറായി വ്യാപാരി സമൂഹം

എടക്കര: എടക്കര മേഖലയില്‍ അനുവദിച്ച സര്‍ക്കിള്‍ ഓഫിസിന് സൗകര്യപ്രദമായ കെട്ടിടം നല്‍കാന്‍ തയാറായി ചുങ്കത്തറയിലെ വ്യാപാരി സമൂഹം മന്ത്രി ആര്യാടന്‍ മുഹമ്മദിനെ സമീപിച്ചു. ചുങ്കത്തറയില്‍ സൗകര്യപ്രദമായ മൂന്ന് കെട്ടിടങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് അറിയിച്ചാണ് വ്യാപാരികളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ മന്ത്രിയെകണ്ടത്. സര്‍ക്കിള്‍ ഓഫിസ് എടക്കരയില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അനുയോജ്യമായ കെട്ടിടം ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചുങ്കത്തറയില്‍ കെട്ടിടം നല്‍കാമെന്ന ഉറപ്പുമായി നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ചത്. എടക്കരയില്‍ സര്‍ക്കിള്‍ ഓഫിസിന് കണ്ടത്തെിയ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചത് ബ്ളോക്ക് പഞ്ചായത്താണെന്ന കാരണത്താലാണ് തടസ്സം നിലനില്‍ക്കുന്നത്. ബ്ളോക്ക് പഞ്ചായത്തിന്‍െറ അനുമതി ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളാണ് ഓഫിസ് ആരംഭിക്കാന്‍ വൈകുന്നത്. ചുങ്കത്തറയിലെ കെട്ടിടം വിട്ടുനല്‍കാമെന്ന് അറിയിച്ച് ഉടമകള്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്തുകല്‍ എന്നീ അഞ്ച് പഞ്ചായത്തുകളുടെ കേന്ദ്രമായതിനാല്‍ എടക്കരയില്‍തന്നെ സര്‍ക്കിള്‍ ഓഫിസ് അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് അധികൃതര്‍. വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂനിറ്റ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ചങ്കരത്ത്, ജെയിംസ് വര്‍ക്കി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പരപ്പന്‍ ഹംസ, യു. മൂസ, കല്ലായി കുഞ്ഞലവി, താജാ സക്കീര്‍ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.