നവീകരണത്തില്‍ അപാകത; റോഡപകടങ്ങള്‍ തുടര്‍ക്കഥ

പുലാമന്തോള്‍: നവീകരണത്തിലെ അപാകതയും റോഡരിലെ കുഴികളും കാരണം വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്നു. കൊളത്തൂര്‍, പുലാമന്തോള്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡുകളിലാണ് അപകടം നിത്യസംഭവമാകുന്നത്. 4.10 കോടി രൂപ ചെലവഴിച്ച് പുലാമന്തോള്‍ മുതല്‍ കുരുവമ്പലം വില്ളേജ്പടി വരെ നവീകരിച്ച ഭാഗങ്ങളാണ് ഇടിയുന്നത്. അഞ്ചര മീറ്റര്‍ വീതിയുണ്ടായിരുന്ന റോഡ് നവീകരണസമയത്ത് ഏഴ് മീറ്ററാക്കിയിരുന്നു. റോഡരികുകള്‍ ചാലുകീറി ക്വാറിവേസ്റ്റ് കൊണ്ടുവന്നായിരുന്നു പ്രവര്‍ത്തനം. റോഡരികുകള്‍ ഉറപ്പാവുന്നതിന് മുമ്പ് ടാറിങ് നടത്തുകയായിരുന്നു. നവീകരണം പൂര്‍ത്തിയായതോടെ കണ്ടെയ്നര്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയതോടെയാണ് റോഡരികുകള്‍ താഴ്ന്നത്. വാട്ടര്‍ അതോറിറ്റിയുടെ തകര്‍ന്ന പൈപ്പ്ലൈനുകള്‍ അറ്റകുറ്റപ്പണി നടത്താനെടുക്കുന്ന കുഴികളും നേരെചൊവ്വെ മൂടാറില്ല. ശനിയാഴ്ച പാലൂര്‍ മില്ലുംപടിയില്‍ ഇത്തരമൊരു കുഴിയില്‍ ചാടാനിരുന്ന ലോറി വെട്ടിക്കുന്നതിനിടയിലാണ് എതിരെ വന്ന മിനിബസ് ഇടിച്ചുതകര്‍ത്തത്. സ്ത്രീകളും കുട്ടികളുമായി 17 പേര്‍ക്കാണ് പരിക്കേറ്റത്. കൊളത്തൂര്‍, പുലാമന്തോള്‍, പെരിന്തല്‍മണ്ണ, പട്ടാമ്പി റൂട്ടില്‍ റോഡരികുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ നിരവധി കുഴികളാണുള്ളത്. കുടിവെള്ള പദ്ധതിയുടെ മിക്ക ലൈനുകളും ടാറിങ്ങിന് ചുവട്ടിലാണ്. അമിതഭാരവുമായി പോവുന്ന വാഹനങ്ങളുടെ സഞ്ചാരം വര്‍ധിച്ചതോടെ ടാറിങ്ങിന് താഴെയുള്ള കുടിവെള്ള പദ്ധതി പൈപ്പ് ലൈനുകള്‍ തകര്‍ന്ന് കുടിവെള്ളം ഉറവയായി ഒഴുകുന്നതോടെ റോഡരികുകള്‍ ഇടിഞ്ഞുതാഴുന്നത് പതിവാണ്. ഇവിടെ അറ്റകുറ്റപ്പണിക്കത്തെുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ കുഴികള്‍ വേണ്ടവിധം മൂടാതെ ഇട്ടുപോവുകയാണ് പതിവ്. ചെറുകര റെയില്‍വേഗേറ്റ്, സ്കൂള്‍ പടി എന്നിവിടങ്ങളിലുണ്ടായിരുന്ന കുഴികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഗതാഗതയോഗ്യമാക്കിയത്. വിളയൂര്‍ ടൗണിലും റോഡിന് നടുവില്‍ ഇത്തരമൊരു കുഴിയില്‍നിന്ന് മാസങ്ങളായി കുടിവെള്ളം ഒഴുകുകയാണ്. ഇതിനുപുറമെ പട്ടാമ്പി-പെരിന്തല്‍മണ്ണ റൂട്ടില്‍ മാസങ്ങളായി ടാര്‍ അടര്‍ന്ന് നീങ്ങിയ റോഡ് തകര്‍ന്നതും വാഹനാപകടങ്ങള്‍ക്ക് കാരണമായിരുന്നു. റോഡ് നവീകരണ സമയത്ത് ആവശ്യാനുസൃതം ടാര്‍ ഉപയോഗിക്കുന്നില്ളെന്ന് ജനങ്ങള്‍ അന്ന് തന്നെ പരാതി ഉന്നയിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചെന്ന് പറയപ്പെടുന്നു. ഇപ്പോള്‍ പുലാമന്തോള്‍ മുതല്‍ പട്ടാമ്പി വരെ റോഡ് നവീകരണത്തില്‍ അപാകതയുള്ളതായി വിജിലന്‍സ് ഉദ്യോഗസ്ഥരും കണ്ടത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.