വണ്ടൂര്‍: വാണിയമ്പലം താളിയംകുണ്ട് റോഡില്‍ പുതുതായി നിര്‍മിച്ച ഓവുപാലത്തിന് മുകളില്‍ വെച്ച സ്ളാബിന് ദിവസങ്ങള്‍ കഴിയും മുമ്പേ വിള്ളല്‍. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന് മുകളില്‍ നടത്താന്‍ നിശ്ചയിച്ച ടാറിങ് നിര്‍ത്തിവെച്ചു. പൂത്രക്കോവ് കിണറ്റിങ്ങല്‍ ഭാഗത്തെ ചെങ്കുത്തായ കയറ്റത്തിലാണ് ഓവുപാലത്തിന് പകരം അഴുക്കുചാല്‍ നിര്‍മിച്ച് സ്ളാബിട്ടത്. പ്രവൃത്തി അശാസ്ത്രീയമാണെന്നും പ്രധാന റോഡില്‍ ഇത്തരത്തില്‍ സ്ളാബ് നിര്‍മിച്ചാല്‍ അപകട സാധ്യത കൂടുമെന്നും നേരത്തേ തന്നെ പരാതിയുണ്ടായിരുന്നു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് അഴക്കുചാല്‍, 1450 മീറ്റര്‍ റീടാറിങ്, 225 മീറ്റര്‍ ഡ്രൈനേജ്, 40 മീറ്റര്‍ സംരക്ഷണ ഭിത്തി കെട്ടല്‍, കോസ്വേ എന്നിവ നടക്കുന്നത്. ഇതില്‍ കോസ്വേ എന്ന പേരിലാണ് പ്രധാന റോഡിനുകുറുകെ ചാല്‍ കീറി സ്ളാബിട്ടത്. സ്ളാബ് പ്രദേശത്ത് നിര്‍മിക്കാതെ പുറത്തുനിന്ന് കൊണ്ടുവന്ന് വെച്ചതാണ്. ഇതിനാണ് വിള്ളല്‍ വന്നിട്ടുള്ളത്. അഴുക്കുചാലിന് വശത്തും പലകകെട്ടി കമ്പികള്‍ വെക്കാതെ കോണ്‍ക്രീറ്റ് നിറക്കുകയാണ് ചെയ്തത്. ഇവിടെ നനക്കുകപോലും ചെയ്യാതെ തൊട്ടടുത്ത ദിവസം തന്നെ സ്ളാബ് വെച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ടാറിങ്ങിനായി മണ്ണ് നീക്കിയപ്പോഴാണ് സ്ളാബ് പൊട്ടിയതായി കണ്ടത്. സംഭവം അറിഞ്ഞിട്ടും സ്ളാബിന് മുകളില്‍ ടാറിങ് നടത്താനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത ശേഷം മാത്രമേ ടാറിങ് നടത്തുകയുള്ളൂവെന്ന കോണ്‍ട്രാക്ടറുടെ ഉറപ്പിന്മേലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധ പരിപാടികള്‍ക്ക് എം.കെ. ജാബിര്‍, വി.പി. ബഷീര്‍, തടത്തില്‍ പ്രദീപ്, മലയത്ത് മണി, സി. ഹംസ, പി.കെ. ഷാജി, പി. സിന്‍സാര്‍, മനയില്‍ ജംഷീര്‍, മംഗലന്‍ സാബു ഷബീബ്, മുട്ടത്തില്‍ അസ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.