കേരളയിലെ തോട്ടഭൂമിക്ക് നിയന്ത്രണം: ചെറുകിടക്കാരുടെ രജിസ്ട്രേഷന്‍ തടയുന്നത് ഉദ്യോഗസ്ഥ–ജനപ്രതിനിധി കൂട്ടുകെട്ട്

മഞ്ചേരി: റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ കേരള എസ്റ്റേറ്റ് വില്ളേജ് പരിധിയില്‍ രജിസ്ട്രേഷന്‍ നടക്കാത്തതിനാല്‍ ചെറുകിട ഭൂവുടമകളുടെ ദുരിതത്തിന് അറുതിയായില്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമി മുറിച്ചുവില്‍ക്കുന്നത് തടയാനും നിയന്ത്രിക്കാനുമാണ് വകുപ്പുകള്‍ നടപടി സ്വീകരിക്കുന്നത്. വില്ളേജില്‍ രണ്ടു ബ്ളോക് നമ്പറുകളില്‍ ഉള്‍പ്പെട്ട ഭൂമിക്ക് വരുത്തിയ നിയന്ത്രണത്തില്‍ ആയിരത്തിലേറെ കുടുംബങ്ങളാണ് വലയുന്നത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.പി. അനില്‍കുമാര്‍, എം. ഉമ്മര്‍ എം.എല്‍.എ എന്നിവരോട് പ്രദേശവാസികള്‍ പല തവണ പരാതി പറഞ്ഞതാണ്. വകുപ്പു തലത്തില്‍ പരിഹരിച്ചതാണെന്ന് മറുപടി പറയുന്നുണ്ടെങ്കിലും ഭൂമിയുടെ രജിസ്ട്രേഷന്‍ നടക്കുന്നില്ല. തോട്ടഭൂമിയില്‍ ഉള്‍പ്പെടുന്ന സ്ഥലമല്ളെന്ന് വില്ളേജ് ഓഫിസറോ തഹസില്‍ദാറോ സാക്ഷ്യപ്പെടുത്തിയാല്‍ രജിസ്ട്രേഷന്‍ നടത്തിക്കൊടുന്നുണ്ടെന്ന് ജില്ലാ രജിസ്ട്രാര്‍ പറഞ്ഞു. എന്നാല്‍, കേരള എസ്റ്റേറ്റ് വില്ളേജില്‍ പാന്ത്ര, മഞ്ഞള്‍പാറ, തുരുമ്പോട, മാമ്പറ്റ ഭാഗങ്ങളില്‍ കുടുംബ സ്വത്തായി മൂന്ന് സെന്‍റ് സ്ഥലം പതിച്ചു കിട്ടുന്നവരുടെ പോലും രജിസ്ട്രേഷന്‍ മുടക്കുകയാണെന്നും ഭൂമി പരിശോധിക്കാനോ സാക്ഷ്യപത്രം നല്‍കാനോ റവന്യൂ ഉദ്യോഗസ്ഥര്‍ മെനക്കെടുന്നില്ളെന്നും കുടുംബങ്ങള്‍ പറയുന്നു. കേരള എസ്റ്റേറ്റില്‍ 3,600 ഏക്കര്‍ തോട്ടഭൂമിയുണ്ടെന്നാണ് റവന്യൂ വകുപ്പിലെ കണക്ക്. ഇത് മുറിച്ചു വില്‍ക്കാനും തരം മാറ്റാനും തടസ്സങ്ങളുണ്ട്. മുറിച്ചു വില്‍പനക്കൊരുങ്ങിയപ്പോള്‍ ഉയര്‍ന്ന എതിര്‍പ്പുകളെ തുടര്‍ന്നാണ് നാലു വര്‍ഷം മുമ്പ് രജിസ്ട്രേഷന്‍ നിര്‍ത്തിയത്. എന്നാല്‍, തോട്ടമുടമകള്‍ക്ക് മാത്രം ബാധകമാക്കേണ്ട കാര്യം വില്ളേജിലെ മൊത്തം ചെറുകിട കുടികിടപ്പുകാരെയും തോട്ടം മേഖലയുമായി ബന്ധമില്ലാത്തവരെയും ബോധപൂര്‍വം ദ്രോഹിക്കുന്നതിന് കാരണമാക്കുകയാണ്. ചെറുകിട കുടികിടപ്പുകാരെ ദ്രോഹിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ച് ഇളവ് നല്‍കേണ്ടി വരുമെന്നും ഇത് വന്‍കിട തോട്ടങ്ങള്‍ക്കും ആശ്വാസമാകുമെന്നുമാണ് ഉദ്യോഗസ്ഥ, ഭരണതലത്തിലുള്ളവര്‍ കണക്കുകൂട്ടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.