സുജാതയുടെ അനാഥ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും –മന്ത്രി

കരുവാരകുണ്ട്: അച്ഛനും അമ്മയും മരിച്ചതിനെ തുടര്‍ന്ന് അനാഥമായ നീലാഞ്ചേരി കളക്കുന്നിലെ ആക്കംപാറ സുജാതയുടെ കുടുംബത്തിന് ആശ്വാസമേകി സര്‍ക്കാറിന്‍െറ തണല്‍. കുടുംബത്തിന് വീട് നിര്‍മിക്കാന്‍ മൂന്ന് ലക്ഷം നല്‍കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ സഹായവും അനുവദിക്കും. ഞായറാഴ്ച കുടുംബത്തെ സന്ദര്‍ശിച്ച് ദുരിതാവസ്ഥ മന്ത്രി നേരിട്ടറിഞ്ഞിരുന്നു. സഹായധനം എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. നാല് മക്കളുടെ ആശ്രയമായിരുന്ന സുജാത ജീവിത ഭാരത്തെ തുടര്‍ന്ന് നാലുദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. വീടുകളില്‍ ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് മക്കളായ ജിഷ്മ (ഏഴ്), ജിതിന്‍(12), ജിനുമോന്‍ (15), ബിജു (17) എന്നിവരെ സുജാത പഠിപ്പിച്ചിരുന്നത്. ഇവരുടെ വീടും ജീര്‍ണാവസ്ഥയിലാണ്. തണല്‍ നഷ്ടപ്പെട്ട കുട്ടികളുടെ അവസ്ഥ വെള്ളിയാഴ്ച ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും നളന്ദ എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. നീലാഞ്ചേരി ഗവ. ഹൈസ്കൂളിലാണ് മക്കളില്‍ മൂന്നുപേരും പഠിക്കുന്നത്. ബിജു പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ്. അമ്മയും പോയതോടെ കുടുംബഭാരം ബിജുവിന്‍െറ ചുമലിലായി. സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് കെ.പി. യൂസുഫ്, പ്രധാനാധ്യാപകന്‍ ടി.കെ. ജോസുകുട്ടി എന്നിവരും ഇവര്‍ക്ക് തുണയായി കൂടെയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.