കേരളയാത്രക്ക് ലീഗ് ‘തലസ്ഥാനത്ത്’ ഉജ്ജ്വല സ്വീകരണം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മുസ്ലിം ലീഗിന്‍െറ കേരളയാത്ര നയിക്കുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഞായറാഴ്ച നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഈ യാത്രയെന്ന് പറയുന്നവരുണ്ട്. അതിന് തന്നെയാണ് യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നടന്ന വിവിധ വികസന പദ്ധതികള്‍ക്ക് തുടര്‍ച്ച വേണം. യു.ഡി.എഫില്‍ ഒരു പ്രശ്നവും ജില്ലയില്‍ ഇല്ല. യു.ഡി.എഫ് തിരിച്ച് അധികാരത്തില്‍വരും. ജനങ്ങളുടെ വികാരം അതാണ്. ഭരണപക്ഷത്ത് നില്‍ക്കുന്ന സമയത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഇത്തരം ജാഥകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറില്ല. അതിന് പിന്നില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകാറുണ്ടെന്ന് പറയാറുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് ജാഥ കൂടുതല്‍ ഏശുക. എന്നാല്‍, ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും ജാഥ തരംഗമാവുകയാണ്. കേരളം മലീമസമാക്കിയാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. എല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരാള്‍ക്കെതിരായ ആരോപണങ്ങള്‍ ഖേദകരമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ പിതൃതുല്യനെന്ന് പറഞ്ഞിരുന്ന ഒരാള്‍ ഇന്ന് മറ്റുപലതും പറയുന്നതൊക്കെ എന്തിന്‍െറ പേരിലാണെന്നത് ആര്‍ക്കും മനസ്സിലാക്കാം. രാവും പകലും ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുഖ്യമന്ത്രിയാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്. നിരവധി പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിച്ച സര്‍ക്കാറിന് യുവജനങ്ങളുടെ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാതിര്‍ത്തിയായ ഐക്കരപ്പടിയില്‍ യാത്രയെ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സ്വീകരിച്ച് ആദ്യ സ്വീകരണവേദിയായ കൊണ്ടോട്ടിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് എടവണ്ണ, എടക്കര, വണ്ടൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ സ്വീകരണമുണ്ടായി. എല്ലാ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് യാത്രയെ സ്വീകരിച്ചത്. തിങ്കളാഴ്ച പെരിന്തല്‍മണ്ണയില്‍നിന്ന് യാത്ര തുടങ്ങും. രാമപുരം, മലപ്പുറം, വേങ്ങര, കോട്ടക്കല്‍ എന്നിങ്ങനെയാണ് സ്വീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.