മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി വാര്‍ത്താപത്രിക പുറത്തിറക്കി

കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാനായി വാര്‍ത്താപത്രിക പുറത്തിറക്കി. ആദ്യലക്കത്തിന്‍െറ പ്രകാശനം ഷൊര്‍ണൂരിലെ പാട്ടോളം വേദിയില്‍ ചെയര്‍മാന്‍ ടി.കെ. ഹംസ നിര്‍വഹിച്ചു. അക്കാദമിയിലെ പുതിയ ചരിത്ര മ്യൂസിയത്തിലേക്ക് മൊയ്തു കിഴിശ്ശേരിയുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വാങ്ങുന്നതിന് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായും അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 13 മുതല്‍ 24 വരെയാണ് അടുത്ത വര്‍ഷത്തെ വൈദ്യര്‍ മഹോത്സവം നടക്കുക. മോയിന്‍കുട്ടി വൈദ്യരുടെ ‘ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍’ പ്രണയകാവ്യം അവലംബിച്ചുള്ള പരിപാടികള്‍, അറബി-മലയാള കൃതികളെക്കുറിച്ചുള്ള സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് മഹോത്സവത്തിന്‍െറ ഭാഗമായി 14 ജില്ലകളില്‍ നടക്കുക. ഇതിന്‍െറ ഭാഗമായി ക്ളബുകളെയും ലൈബ്രറികളെയും ഉള്‍പ്പെടുത്താന്‍ ജനുവരി രണ്ടിന് വൈകീട്ട് നാലിന് അക്കാദമിയില്‍ ഭാരവാഹികളുടെ യോഗം ചേരും. അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിനായി വൈദ്യര്‍ മഹോത്സവം പുസ്തകവണ്ടിയും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ അച്ചടിച്ച പുസ്തകങ്ങള്‍ പൂര്‍ണമായി വില്‍പ്പന നടത്തിയതിന് ശേഷം ബാര്‍കോഡ് ഉള്‍പ്പെടുത്തി വീണ്ടും ഇറക്കും. അക്കാദമിയുടെ മുന്‍വശത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടും കൂട്ടിയിട്ടിരിക്കുന്ന നിര്‍മാണ വസ്തുക്കള്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ അക്കാദമി ജോ. സെക്രട്ടറി ഡോ. കെ.കെ. അബ്ദുല്‍ സത്താര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ വി. അബ്ദുല്‍ ഹമീദ്, കെ.പി. സന്തോഷ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.