മംഗലം പുല്ലൂണിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും കത്തിനശിച്ചു

പുറത്തൂര്‍: തിരൂര്‍ മംഗലം പുല്ലൂണിയില്‍ സി.പി.എം നേതാവിന്‍െറ വീട്ടില്‍ നിര്‍ത്തിയിട്ട കാറും സ്കൂട്ടറും കത്തിനശിച്ചു. പുല്ലൂണി ബ്രാഞ്ച് സെക്രട്ടറി ഇ. ശ്രീകുമാറിന്‍െറ വീട്ടിലെ വാഹനങ്ങളാണ് അക്രമികള്‍ കത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. വീടിനകത്തേക്ക് പുക വന്നതിനെ തുടര്‍ന്ന് ശ്രീകുമാറും ഭാര്യ ഡോ. നളിനിയും വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. ഉടനെ മോട്ടോര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും സ്കൂട്ടര്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. വാഹനത്തില്‍നിന്ന് തീ ആളിപ്പടര്‍ന്ന് വീടിന്‍െറ മുന്‍ഭാഗത്തെ ജനല്‍ വാതിലുകളും വയറിങ്ങും കത്തിനശിച്ചു. തിരൂര്‍ സി.ഐ കെ.എം. ഷാജിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിന് പിന്നില്‍ മുമ്പ് പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ച കേസിലെ ആര്‍.എസ്.എസ് നേതാക്കളാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും പ്രദേശത്ത് എത്തിയ സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി പുല്ലൂണി കാരാറ്റ് കടവ് പ്രജീഷ് എന്ന ബാബുവിനെ തെളിവെടുപ്പിന് പൊലീസ് വീട്ടില്‍ കൊണ്ടുവരുന്നതിനിടെ ഫോട്ടോ എടുക്കുമ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.