തിരൂരില്‍ വന്‍ കള്ളപ്പണവേട്ട; 40 ലക്ഷം പിടികൂടി

തിരൂര്‍: 37,48,000 രൂപയുടെ 2000ത്തിന്‍െറ നോട്ടുകളടക്കം 40 ലക്ഷത്തിന്‍െറ കള്ളപ്പണം പിടികൂടി. സംഭവവുമായി ബന്ധപെട്ട് മണ്ണാര്‍ക്കാട് നാട്ടുകല്‍ കൊമ്പത്ത് ഷൗക്കത്തലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുലക്ഷം രൂപയുടെ കുഴല്‍പ്പണ വിതരണത്തിനായി തിരൂരിലത്തെിയപ്പോഴാണ് ഷൗക്കത്തലി പിടിയിലാവുന്നത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണ വിതരണക്കാരനായ മേലാറ്റൂര്‍ സ്വദേശി ഷാനിഫ് ബാബുവിന്‍െറ വീട്ടില്‍നിന്ന് 37 ലക്ഷം രൂപയും പിടിച്ചെടുത്തതെന്ന് തിരൂര്‍ ഡിവൈ.എസ്.പി എ.ജെ. ബാബു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒരുകേസില്‍ ഇത്രയധികം 2000 രൂപ നോട്ട് കേരളത്തില്‍ പിടിക്കപ്പെടുന്നത് ആദ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനിഫ് കിടപ്പുമുറിയില്‍ കിടക്കക്ക് അടിയില്‍ കവറുകളിലാക്കിയും പേപ്പറില്‍ പൊതിഞ്ഞുമാണ് പണം സൂക്ഷിച്ചിരുന്നത്. ഷൗക്കത്തലിയുടെ കൈവശമുണ്ടായിരുന്ന മൂന്നുലക്ഷം രൂപയും 2000ത്തിന്‍െറ നോട്ടുകളായിരുന്നു. ഷാനിഫിന്‍െറ വീട്ടില്‍നിന്ന് 2000ത്തിന്‍െറ 1,724 നോട്ട് ലഭിച്ചു. ബാക്കി തുക നൂറിന്‍േറതാണ്. മലപ്പുറം പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരൂര്‍ സി.ഐ എം.കെ. ഷാജി, എസ്.ഐ കെ.ആര്‍. രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഷൗക്കത്തലിയെ പിടികൂടുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി അറിയിച്ചു. തിരൂരിലെ ഒമ്പത് പേര്‍ക്കായി നല്‍കാനുള്ളതായിരുന്നു തുകയെന്ന് ഷൗക്കത്തലി പൊലീസില്‍ മൊഴി നല്‍കി. ബാങ്കിങ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഷാനിഫിന് 2000രൂപയുടെ നോട്ടുകള്‍ ഇത്രയധികം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കും. തുടരന്വേഷണത്തിന് ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് എന്നിവയുടെ സഹായം തേടുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. എ.എസ്.ഐമാരായ കെ. പ്രമോദ്, മുരളീധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ഷാജി, പങ്കജ്, പി. മനോജ്, പ്രിയ, ജിന്‍ഷ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഷൗക്കത്തലിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഏപ്രിലില്‍ തിരൂരില്‍ ഷൗക്കത്തലി വിതരണം ചെയ്ത 11 ലക്ഷം രൂപയില്‍ 1000ത്തിന്‍െറ 11 കള്ളനോട്ട് പിടികൂടിയിരുന്നു. അന്നും ഇയാള്‍ക്ക് പണം നല്‍കിയത് ഷാനിഫായിരുന്നു. കള്ളനോട്ട് കേസിലും ഷാനിഫിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഷൗക്കത്തലി മൂന്നുമാസം ജയിലിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.