കെ.എസ്.ആര്‍.ടി.സി: തിരൂര്‍–മഞ്ചേരി ബസുകള്‍ പൊന്നാനിയിലേക്ക് നീട്ടും

മലപ്പുറം: തിരൂര്‍-മഞ്ചേരി റൂട്ടില്‍ സമഗ്രപരിഷ്കരണം വരുത്തി വരുമാനം വര്‍ധിപ്പിക്കാന്‍ ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുടെയും യൂനിയന്‍ പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം മഞ്ചേരിയില്‍നിന്ന് തിരൂരില്‍ പോവുന്ന ബസുകള്‍ പൊന്നാനിയിലേക്ക് നീട്ടും. തിരൂര്‍-പൊന്നാനി വണ്ടികള്‍ മഞ്ചേരി വരെ സര്‍വിസ് നടത്താനും ധാരണയായിട്ടുണ്ട്. നിലമ്പൂര്‍-മഞ്ചേരി ബസുകള്‍ മലപ്പുറത്തേക്കോ കോട്ടക്കലിലേക്കോ നീട്ടാനാവുമോയെന്ന് പരിശോധിക്കും. 10,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വിസുകള്‍ അയക്കേണ്ടതില്ളെന്ന് സബ് ഡിപ്പോകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, ചില സര്‍വിസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം റൂട്ടുകളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് ബുധനാഴ്ച യോഗം വിളിച്ചത്. ജില്ലയില്‍ ഏറ്റവും വരുമാനമുണ്ടായിരുന്ന തിരൂര്‍-മഞ്ചേരി റൂട്ടിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ് ലക്ഷ്യം. പത്ത് മിനിറ്റ് കൂടുമ്പോള്‍ ബസ് എന്ന മുന്‍ രീതിയിലേക്ക് തിരിച്ചുപോയാല്‍ യാത്രക്കാര്‍ വീണ്ടും കെ.എസ്.ആര്‍.ടി.സിയത്തെന്നെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാവുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. തിരൂര്‍-മഞ്ചേരി റൂട്ടില്‍ 16 ബസുകള്‍ മലപ്പുറത്തുനിന്ന് ഓപറേറ്റ് ചെയ്തിരുന്നു. ഇതിപ്പോള്‍ ആറിലത്തെി. പൊന്നാനി-തിരൂര്‍ ബസുകള്‍ കൂടിയാവുമ്പോള്‍ പത്തെണ്ണം അധികം ലഭിക്കും. തിരൂരില്‍നിന്ന് ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്ക് കെ.എസ്.ആര്‍.ടി.സി മാത്രമേയുള്ളൂവെന്നതിനാല്‍ ലാഭറൂട്ടായാണ് കണക്കാക്കുന്നത്. ഇവിടേക്ക് മഞ്ചേരി-തിരൂര്‍ ബസുകളും ചേരുന്നത് യാത്രക്കാര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യും. നിലമ്പൂര്‍-മഞ്ചേരി ബസുകള്‍ മലപ്പുറം വഴി കോട്ടക്കല്‍ വരെ നീട്ടുന്നതും വരുമാന വര്‍ധനക്ക് കാരണമാവുമെന്നാണ് വിലയിരുത്തല്‍. സര്‍വിസ് നീട്ടുന്നതിനനുസരിച്ച് ജീവനക്കാര്‍ക്ക് അധിക അലവന്‍സ് നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടെ കൂടി സമയം കണക്കിലെടുത്താണ് ചെയിന്‍ സര്‍വിസിന്‍െറ അന്തിമ ഷെഡ്യൂളുണ്ടാക്കുക. തൃശൂരിലെ മേഖല ഓഫിസില്‍നിന്ന് അനുമതി ലഭിക്കുകയാണ് ആദ്യഘട്ടം. പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എ.ടി.ഒമാര്‍, സ്ക്വാഡ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.