വിജയഭേരി : വിജയ ശതമാനവും എ പ്ളസും വര്‍ധിപ്പിക്കാന്‍ തീവ്രയജ്ഞം

മലപ്പുറം: വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി വിജയ ശതമാനവും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിക്കുന്നവരുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന് തീവ്രയജ്ഞ പരിപാടി നടപ്പാക്കാന്‍ വിജയഭേരി ഹൈസ്കൂള്‍ കോഓഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഏറ്റവും മിടുക്കരെ ഉള്‍പ്പെടുത്തി എ പ്ളസ് ക്ളബ് രൂപവത്കരിക്കും. ഓരോ വിദ്യാലയത്തിലും പത്താം ക്ളാസില്‍ പഠിക്കുന്ന കുട്ടികളുടെ പത്ത് ശതമാനത്തിന് മുഴുവന്‍ എ പ്ളസ് എന്നതാണ് ലക്ഷ്യം. കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ച് ക്ളാസുകള്‍ പുന$ക്രമീകരിക്കും. രക്ഷിതാക്കളെ പങ്കാളികളാക്കാന്‍ ഇവരുടെ പ്രത്യേക യോഗം വിളിക്കും. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സഹവാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം ടെക്സ്റ്റ് ബുക്ക് മാറിയ കണക്ക്, ഇംഗ്ളീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രത്യേക ഹന്‍ഡ്ബുക്ക് തയാറാക്കും. ജില്ല പഞ്ചായത്തില്‍ നടന്ന യോഗം പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ, അംഗം സലീം കുരുവമ്പലം, വിജയഭേരി ജില്ല കോഓഡിനേറ്റര്‍ ടി. സലീം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.