സ്ഫോടനത്തിന് 50 നാള്‍, മാറ്റമില്ലാതെ സിവില്‍സ്റ്റേഷന്‍

മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്ഫോടനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ക്രമീകരണങ്ങള്‍ നടപ്പായില്ല. നവംബര്‍ ഒന്നിനാണ് സിവില്‍സ്റ്റേഷന്‍ വളപ്പിലെ കോടതിക്ക് സമീപം സ്ഫോടനം നടന്നത്. ഇതിന്‍െറ പശ്ചാത്തലത്തില്‍ സിവില്‍സ്റ്റേഷനില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ അന്നത്തെ കലക്ടര്‍ എ. ഷൈനമോള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, സ്ഫോടനം നടന്ന് 50 ദിവസം പിന്നിടുമ്പോഴും ഇവയില്‍ ഒന്നുപോലും പൂര്‍ത്തീകരിക്കപ്പെട്ടില്ല. വഴി തുറന്നു, അടഞ്ഞില്ല സിവില്‍സ്റ്റേഷന്‍ ഒറ്റ വളപ്പിലാക്കുന്നതിന്‍െറ ഭാഗമായി ചുറ്റുമതില്‍ നിര്‍മിച്ച് പൊതുവഴി ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്ക് രണ്ടുവഴികള്‍ മാത്രമാകുമെന്നും പൊതുജന സഞ്ചാരം ഒഴിവാക്കുമെന്നും തീരുമാനമുണ്ടായി. ഇതിന്‍െറ ഭാഗമായി സ്ഫോടനത്തിന് നാലാം നാള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കോടതി കെട്ടിടത്തിന് പിറകിലൂടെ ചെമ്മങ്കടവ്, ശാന്തിതീരം റോഡിലേക്ക് യോജിപ്പിക്കുന്ന പുതിയ റോഡ് നിര്‍മാണം ആരംഭിച്ചു. മണ്ണ് നീക്കി നിരപ്പാക്കിയെങ്കിലും ടാറിങ്ങും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ബാക്കിയാണ്. റോഡ് പ്രാവര്‍ത്തികമാകുന്നതോടെ സിവില്‍സ്റ്റേഷന്‍ വളപ്പില്‍നിന്ന് കോടതി കെട്ടിടത്തിന് മുന്നിലൂടെ ചെമ്മങ്കടവ്, കണ്ണത്തുപാറ ഭാഗത്തേക്ക് പോകുന്ന വഴി അടക്കാനും കോടതി കെട്ടിടത്തിന്‍െറ ഇടതുഭാഗത്തുള്ള വഴിയില്‍ ഗേറ്റ് സ്ഥാപിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കാനുമായിരുന്നു തീരുമാനം. സിവില്‍സ്റ്റേഷന്‍ വളപ്പിന് ചുറ്റുമതില്‍ സ്ഥാപിക്കുമെന്നും വരാനും പോകാനും പ്രത്യേക വഴികളും പൊലീസ് ഒൗട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന ആശയവും നടപ്പായില്ല. കാര്‍ഡുണ്ടോ, ഉണ്ടി‘ല്ല’ സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്ന തീരുമാനവും നടപ്പായില്ല. പ്രധാന യോഗങ്ങളിലും മറ്റും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഴുസമയവും ധരിക്കുന്നവര്‍ കുറവ്. ഓരോ വിഭാഗം ജീവനക്കാരെയും തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഈ തീരുമാനം ഗുണകരമായിരുന്നു. ജീവനക്കാര്‍ക്ക് വകുപ്പ് തലവന്‍ ആവശ്യമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം എന്നായിരുന്നു തീരുമാനം. വകുപ്പ് തലവന്മാര്‍ ജീവനക്കാര്‍ക്ക് അടുത്തിടെ കാര്‍ഡ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍പോലും കാര്‍ഡ് ധരിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. ഓഫിസുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുമെന്ന തീരുമാനം നടപ്പായത് ആരോഗ്യ വകുപ്പില്‍ മാത്രം. അലോപ്പതി വിഭാഗം ഡി.എം.ഒയുടെ ഓഫിസിലാണ് ഫ്രന്‍ഡ് ഓഫിസ് എന്ന പേരില്‍ സംവിധാനം ആരംഭിച്ചത്. ഇവിടെ എത്തുന്നവരുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, മറ്റു വിഭാഗങ്ങളില്‍ ഈ സംവിധാനമായില്ല. കാമറ വന്നില്ല, ഇരുട്ട് ബാക്കി സിവില്‍സ്റ്റേഷന്‍ വളപ്പില്‍ സി.സി.ടി.വി കാമറകള്‍ ഇല്ലാത്തത് സ്ഫോടനം അന്വേഷിച്ച ഉദ്യോഗസ്ഥരെ വലച്ചിരുന്നു. പ്രധാന ഇടങ്ങളിലും ഓഫിസുകളിലും കാമറകള്‍ സ്ഥാപിക്കാന്‍ ഇതിന് പിറകെ തീരുമാനമായി. അതത് വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ ഇതിന് മുന്‍കൈയെടുക്കാനും ധാരണയായി. എന്നാല്‍, ഇതും കടലാസിലൊതുങ്ങി. തിരിച്ചറിയുന്നതിന്‍െറ ഭാഗമായി സിവില്‍സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ നല്‍കിയെങ്കിലും വിജയകരമായി പൂര്‍ത്തിയായിട്ടില്ല. ജീവനക്കാര്‍ നാല് ചക്രവാഹനങ്ങള്‍ ഓഫിസുകളിലേക്ക് കൊണ്ടുവരുന്നത് കുറക്കാനും വകുപ്പുകളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സ്ഥലം ഒരുക്കാനും തീരുമാനമായിരുന്നു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തല്‍, സിവില്‍സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടി വേഗത്തിലാക്കല്‍, പ്രധാന ഭാഗങ്ങളില്‍ ലൈറ്റ് സ്ഥാപിക്കല്‍ എന്നിങ്ങനെയും പദ്ധതികള്‍ ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.