എ.ടി.എമ്മുകള്‍ തുറന്നില്ല, ബാങ്കുകളില്‍ വന്‍ തിരക്ക്

മലപ്പുറം: തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച തുറന്ന ബാങ്കുകളില്‍ ഇടപാടുകാരുടെ വലിയ തിരക്ക്. കഴിഞ്ഞ മൂന്നുദിവസം അടഞ്ഞുകിടന്ന എ.ടി.എമ്മുകള്‍ ചൊവ്വാഴ്ച വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതിയിരുന്നെങ്കിലും നടന്നില്ല. എസ്.ബി.ഐ, എസ്.ബി.ടി, കേരള ഗ്രാമീണ്‍ ബാങ്ക്, കനറ ബാങ്ക് തുടങ്ങിയവയുടെ എ.ടി.എമ്മുകള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ജില്ല ആസ്ഥാനത്ത് എസ്.ബി.ടി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിന്‍െറ നാല് എ.ടി.എമ്മുകളും എന്‍.ആര്‍.ഐ ശാഖ എ.ടി.എമ്മും കിഴക്കേതല എസ്.ബി.ഐ ശാഖയുടെ മൂന്ന് എ.ടി.എമ്മുകളും അടഞ്ഞുകിടന്നു. ഉച്ചക്കുശേഷം പണം നിക്ഷേപിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നടപ്പായില്ല. അതേസമയം, ചില സ്വകാര്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ 2000 രൂപ ലഭ്യമായി. എസ്.ബി.ടി, എസ്.ബി.ഐ, ഗ്രാമീണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് ശാഖകളില്‍ ഇടപാടുകാരുടെ വലിയ തിരക്കാണുണ്ടായത്. 2000ത്തിന്‍െറ നോട്ട് മാത്രമേ ലഭിക്കൂ എന്ന ബോര്‍ഡ് ശാഖകള്‍ക്ക് മുന്നില്‍ അധികൃതര്‍ തൂക്കിയിട്ടിരുന്നു. ഇന്ധനം നിറക്കുമ്പോള്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തിയാല്‍ 0.75 ശതമാനം ഇളവ് ലഭിക്കുമെന്ന പ്രഖ്യാപനം നിലവില്‍ വന്നെങ്കിലും ജില്ലയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഈ സേവനം ഉപയോഗപ്പെടുത്താനായത്. 20 ശതമാനത്തില്‍ താഴെ പെട്രോള്‍ പമ്പുകളില്‍ മാത്രമാണ് ജില്ലയില്‍ കാര്‍ഡ് സൈ്വപിങ് സംവിധാനമുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.