ഗ്രീന്‍ ആന്‍ഡ് ക്ളീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം

മലപ്പുറം: ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ആന്‍ഡ് ക്ളീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കമായി. ഹരിതകേരളം മിഷന്‍ പരിപാടിയുമായി സംയോജിപ്പിച്ച് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാലിന്യ സംഭരണത്തിനുള്ള ബിന്നുകള്‍ വിതരണം ചെയ്താണ് പദ്ധതിക്ക് തുടക്കമായത്. ജൈവ-അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം പ്രത്യേക ബിന്നുകളില്‍ ഇവ ശേഖരിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍െറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ അമിത് മീണ മാലിന്യ സംഭരണികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജൈവ മാലിന്യങ്ങളും അജൈവ-പാഴ്വസ്തു മാലിന്യങ്ങളും ശേഖരിക്കാന്‍ വെവ്വേറെ സംഭരണികളാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 25 ഓഫിസുകള്‍ക്കുള്ള 50 ബിന്നുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അവശേഷിക്കുന്ന 55 ഓഫിസുകള്‍ക്കുള്ള സംഭരണികള്‍ ഉടന്‍ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരന്‍, കെ.പി. ഹാജറുമ്മ, അംഗങ്ങളായ പി.ആര്‍. രോഹില്‍നാഥ്, സറീന ഹസീബ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജനല്‍ മാനേജര്‍ കെ.കെ. ശശീന്ദ്രന്‍, എ.ഡി.എം പി. സെയ്യിദ് അലി, ജില്ല പ്ളാനിങ് ഓഫിസര്‍ എ. ജയപാല്‍, എ.എം മോട്ടോഴ്സ് മാര്‍ക്കറ്റിങ് മാനേജര്‍ ഫര്‍ഹാദ്, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ ദേവകി, അസി. കോഓഡിനേറ്റര്‍ സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.