ഡി.സി.സി പ്രസിഡന്‍റ് : ആര്യാടന്‍െറ അപ്രമാദിത്തത്തിനേറ്റ തിരിച്ചടി

മലപ്പുറം: ഡി.സി.സി പ്രസിഡന്‍റായുള്ള വി.വി. പ്രകാശിന്‍െറ നിയോഗം ആര്യാടന്‍ മുഹമ്മദിനേറ്റ കനത്ത തിരിച്ചടി. തന്‍െറ നോമിനിയായി വി.എകരീമിന്‍െറ പേര് നിര്‍ദേശിക്കുകയും കെ.പി.സി.സി തലത്തില്‍ കരുനീക്കം നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനേറ്റ പരാജയത്തിന് ശേഷമുണ്ടായ ആഘാതം മലപ്പുറത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. വി.വി. പ്രകാശ് ഡി.സി.സി പ്രസിഡന്‍റാകാന്‍ സാധ്യതയുണ്ടെന്ന് ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷങ്ങളായി തന്‍െറ നോമിനികളെ മുന്‍നിര്‍ത്തി ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം അടക്കിവാണ ആര്യാടന്‍ മുഹമ്മദിന്‍െറ അപ്രമാദിത്തമാണ് വി.വി. പ്രകാശിന്‍െറ നിയോഗത്തിലൂടെ ഇല്ലാതാകുന്നത്. വ്യക്തിയധിഷ്ഠിത തീരുമാനങ്ങളിലൂടെ ജില്ലയില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന സാഹചര്യമാണ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത ക്ഷീണമാണ് പാര്‍ട്ടിക്കുണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയങ്ങളില്‍ വരെ സ്വജനപക്ഷപാതിത്വം അരങ്ങേറിയത് പാര്‍ട്ടിക്കകത്തുതന്നെ പൊട്ടിത്തെറികള്‍ക്കിടയാക്കി. യു.ഡി.എഫ് ഐക്യം തകരുകയും വിവിധ പ്രദേശങ്ങളില്‍ സി.പി.എമ്മിനോട് ചേര്‍ന്ന് ഭരിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. പക്ഷേ, കെ.പി.സി.സിയിലും എ.ഐ.സി.സിയിലുമുള്ള ആര്യാടന്‍െറ സ്വാധീനം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ തിരുത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.വി. പ്രകാശ് ഉറപ്പിച്ച നിലമ്പൂര്‍ സീറ്റ് മകനുവേണ്ടി പിടിച്ചുവാങ്ങി പരാജയം ക്ഷണിച്ചുവരുത്തിയതാണ് ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടിയുള്ള കരുനീക്കങ്ങള്‍ പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന് അഭിപ്രായമുണ്ട്. കെ.പി.സി.സി സെക്രട്ടറിമാരില്‍ സീനിയറായ വി.വി. പ്രകാശിന് വൈകിയാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.