ജലനിധി പദ്ധതി പ്രവര്‍ത്തനം പഠിക്കാന്‍ അസം സംഘവും

മലപ്പുറം: കേരള സര്‍ക്കാര്‍ ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (ജലനിധി) വഴി നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതി പഠിക്കാന്‍ അസം സംഘം കേരളത്തിലത്തെി. മലപ്പുറം മേഖല കാര്യാലയത്തിന് കീഴിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സംഘം തിങ്കളാഴ്ച സന്ദര്‍ശനം നടത്തി. നീര്‍നിര്‍മല്‍ പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസമില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കുടിവെള്ള വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് സംഘം സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ ഗുണഭോക്താക്കള്‍ തന്നെ നടപ്പാക്കി പരിപാലിക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികളുടെ നടത്തിപ്പും പരിപാലനവും 12 അംഗ സംഘം പഠനവിധേയമാക്കും. 2005 മുതല്‍ നടപ്പാക്കിയ വള്ളിക്കുന്ന് സമഗ്ര കുടിവെള്ള പദ്ധതി പ്രദേശമാണ് സംഘം സന്ദര്‍ശിച്ചത്. ജലനിധി മലപ്പുറം റീജിയനല്‍ പ്രോജക്ട് ഡയറക്ടര്‍ കെ.വി.എം. അബ്ദുല്‍ ലത്തീഫ്, വാട്ടര്‍ കസര്‍വേഷന്‍ സ്പെഷലിസ്റ്റ് ഷാജന്‍ ജേക്കബ് എന്നിവര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസ്, ജലനിധി ഗുണഭോക്തൃസമിതി ഓഫിസ്, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ്, പമ്പിങ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.എന്‍. ശോഭന, സെക്രട്ടറി പി.സി. സാമുവല്‍, ഗുണഭോക്തൃസമിതി പ്രസിഡന്‍റ് കെ.ഇ. കൃഷ്ണന്‍കുട്ടി, സെക്രട്ടറി കെ. കറപ്പന്‍, ദേവദാസന്‍ പനയ്ക്കല്‍ എന്നിവരുമായി പദ്ധതി പ്രവര്‍ത്തനത്തെക്കുറിച്ച് ആശയ വിനിമയം നടത്തി. ജലനിധി കമ്യൂണിറ്റി ഡെവലപ്മെന്‍റ് മാനേജര്‍ പി.എം. ഷഹീര്‍, ട്രെയിനിങ് സ്പെഷലിസ്റ്റ് എം. സുഭാഷ്, ജൂനിയര്‍ പ്രോജക്ട് കമീഷണര്‍ മഠത്തില്‍ രവി എന്നിവര്‍ അസം സംഘത്തെ അനുഗമിച്ചു. ചൊവ്വാഴ്ച മലപ്പുറം റീജിയണല്‍ ഓഫിസിന് കീഴിലുള്ള തൃശൂര്‍ ജില്ലയിലെ നടത്തറ ഗ്രാമപഞ്ചായത്തിലും കോട്ടയം ജില്ലയിലെ കടപ്ളാമറ്റം പഞ്ചായത്തിലെ ജലനിധി പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം സംഘം അസമിലേക്ക് മടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.