കരിമ്പുഴ മരിക്കാതിരിക്കാന്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു

എടക്കര: മാലിന്യമുക്ത കരിമ്പുഴ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ പുഴയോരത്ത് സായാഹ്ന യോഗം ചേര്‍ന്നു. മൂത്തേടം-കരുളായി ഗ്രാമപഞ്ചായത്തുകള്‍ അതിരിടുന്ന പാലാങ്കരയിലെ കരിമ്പുഴയുടെ ഓരത്താണ് കഴിഞ്ഞദിവസം വാര്‍ഡ് അംഗം മുജീബ് കോയയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. നിരവധിയാളുകള്‍ പങ്കെടുത്ത യോഗം പുഴയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയാണ് പിരിഞ്ഞത്. മഴ കുറഞ്ഞുവരുന്നതും വയലുകളും കുളങ്ങളും തോടുകളും എല്ലാം നികത്തപെടുന്നതും ജലത്തിന്‍െറ ഉപയോഗം അനുദിനം വര്‍ധിക്കുമ്പോള്‍ വരള്‍ച്ചയും ജലക്ഷാമവും ഭയാനകമായ രീതിയില്‍ വരാന്‍ പോകുന്നതുമെല്ലാം ആശങ്കയോടെ ചര്‍ച്ചയായി. വയലുകളും തോടുകളും ജലാശയങ്ങളും സംരക്ഷിക്കാനും മഴക്കുഴികള്‍, മഴവെള്ള സംഭരണികള്‍, തടയണകള്‍, കിണര്‍ റീചാര്‍ജിങ് എന്നിവയിലൂടെ പരമാവധി മഴ വെള്ളം സംഭരിക്കാനും തടത്തുനിര്‍ത്താനും തീരുമാനിച്ചു. മാലിന്യങ്ങളുടെ നിക്ഷേപ കേന്ദ്രമായി മാറുന്ന പുഴകളും ജലാശയങ്ങളും നശിക്കുന്നതും ഗൗരവമായി കണ്ടും പൊതു സ്ഥലങ്ങളില്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്ന പ്രവണത തടയാനും തീരുമാനിച്ചു. പുഴയില്‍ മാലിന്യം തള്ളുന്നതില്‍ നിന്നും നാം സ്വയം പിന്‍മാറുക, തുറസ്സായ സ്ഥലങ്ങളിലും പുഴയിലും മലവിസര്‍ജനം നടത്തുന്ന ശീലങ്ങള്‍ ഒഴിവാക്കുക, വാഹനങ്ങള്‍ പുഴയില്‍ ഇറക്കി കഴുകി വെള്ളത്തെ മലിനമാക്കുന്നതില്‍ നിന്നും സ്വയം ഒഴിവാകുക, പുഴയില്‍ വളര്‍ന്നുവരുന്ന പാഴ്മരങ്ങളും അടിക്കാടുകളും നീക്കം ചെയ്യുക, പുഴയോരങ്ങള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക തുടങ്ങിയ തീരുമാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും തീരുമാനിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്തിന്‍െറ ‘ഹരിത കേരളം’ പദ്ധതിയുടെ ഭാഗമായി എട്ടാം തിയതി പാലാങ്കര കരിമ്പുഴയുടെ കല്ളേന്‍തോട് ഭാഗത്ത് ജനകീയ ശുചീകരണ പ്രവര്‍ത്തി നടത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍, യൂത്ത് ക്ളബുകള്‍, മത സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടിവെള്ള-ജലസേചന പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.