ക്ളീന്‍ മങ്കട സമഗ്ര മാലിന്യ നിര്‍മാര്‍ജനത്തിന് രൂപരേഖയായി

മങ്കട: ക്ളീന്‍ മങ്കട പദ്ധതിയുടെ ഭാഗമായി സമഗ്ര മാലിന്യ പരിപാടി പദ്ധതിക്ക് രൂപരേഖയായതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. പൊതുസമൂഹത്തിലെ വിവിധ വിഭാഗം ആളുകളെയും സ്ഥാപനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്‍െറ ഭാഗമായി ജൈവമാലിന്യ പരിപാലനത്തിന് വികേന്ദ്രീകരണാസൂത്രണത്തിലധിഷ്ഠിതമായ ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഓരോ പഞ്ചായത്തും ആവിഷ്കരിച്ച് നടപ്പാക്കണം. അജൈവ മാലിന്യം വൃത്തിയായി തരംതിരിച്ച് ശേഖരിക്കാന്‍ പൊതു സംഭരണ കേന്ദ്രവും ഏര്‍പ്പെടുത്തണം. ഇതിലേക്കായി പാഴ്വസ്തു വ്യാപാരികള്‍, ക്ളീന്‍കേരള കമ്പനി എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. കൂടാതെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്‍െറ സേവനം പ്രയോജനപ്പെടുത്താം. ഇതിന് ബ്ളോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കും. ശക്തമായ ബോധവത്കരണ പരിശീലനപരിപാടികള്‍ പ്രാദേശികമായി സംഘടിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ ഓരോ തദ്ദേശ സ്ഥാപനത്തിലും നടപ്പാക്കാന്‍ ശ്രമിക്കും. ബോധവത്കരണത്തിനും ആശയപ്രചാരണത്തിനുമായി ബോര്‍ഡുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍ എന്നിവ മണ്ഡലത്തില്‍ സ്ഥാപിക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍, എന്നിവര്‍ക്കിടയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മത്സരം സംഘടിപ്പിക്കും. മണ്ഡലത്തിലുടനീളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യും. എം.എല്‍.എയുടെ അധ്യക്ഷതയില്‍ മണ്ഡല പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന കമ്മിറ്റി ഓരോ മൂന്ന് മാസങ്ങളിലും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മങ്കട ബ്ളോക്കില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഒരുവര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് മങ്കട ബ്ളോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ഇതിനായി മങ്കട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷയായി പ്രോജക്ട് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. കമ്മിറ്റിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അല്ളെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്നയാള്‍, ബ്ളോക്ക് പ്രസിഡന്‍റ് നിര്‍ദേശിക്കുന്ന ആള്‍, ശുചിത്വമിഷന്‍ അംഗം, ക്ളീന്‍ കേരള കമ്പനിയുടെ ഒരംഗം എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. ജില്ല ശുചിത്വ മിഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.