ആയിശ കൈപിടിച്ചു കയറ്റിയത് അഞ്ച് ജീവനുകള്‍

തിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്തുപറമ്പ് മുറിക്കുംതറ പുഴക്കടവ് കാണുമ്പോള്‍ അവരഞ്ചുപേരുടെയും നെഞ്ചിനുള്ളില്‍ ഒരു തണുപ്പ് പടരും, മരണത്തിന്‍െറ മരവിപ്പുള്ള തണുപ്പ്. നിലയറ്റ ആ നേരത്ത് ആയിശാത്തയുടെ കൈകാലുകള്‍ എല്ലാവരെയും പോലെ ‘തളര്‍ന്നിരുന്നെങ്കില്‍’... ഓര്‍മകള്‍ പോലും പിടക്കുകയാണ്, ആഴങ്ങളില്‍ ശ്വാസം നിലക്കുന്നതിന് മുമ്പെന്ന പോലെ. അവര്‍ ഓരോരുത്തരായാണ് പുഴയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നത്. ആദ്യം കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ഓരോരുത്തരായി പുഴയിലിറങ്ങി നിലയറ്റു പോകുകയായിരുന്നു. അഞ്ചുജീവനുകള്‍ ശ്വാസത്തിനായി നിലവിളിച്ചപ്പോള്‍ ഓടിയത്തെിയ ഉള്ളണം തയ്യില്‍പ്പടി പുറ്റേക്കാട് ആയിശ (40) രണ്ടാമതൊന്ന് ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. എല്ലാവരെയും ആയിശ കരക്കത്തെിച്ചു. ആയിശയുടെ മരുമകളും പുറ്റേക്കാട് മുസ്തഫയുടെ ഭാര്യയുമായ ഹാദിയ (18), കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ മുനീറിന്‍െറ ഭാര്യ ഉമ്മുസല്‍മ (19), കുന്നത്തുപറമ്പ് കരിവീട് മാളിയേക്കല്‍ ഉമ്മറിന്‍െറ ഭാര്യ റഷീദ (42), പരപ്പനങ്ങാടി വെള്ളിയേങ്ങല്‍ അബ്ദുല്‍ ലത്തീഫിന്‍െറ ഭാര്യ സഈദ (32), കുന്നത്തുപറമ്പ് പാലത്തിങ്ങല്‍ യൂസുഫിന്‍െറ ഭാര്യ സഫിയ (42) എന്നിവരാണ് കഴിഞ്ഞദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെ മൂന്നിയൂര്‍ കുന്നത്തുപറമ്പ് കളിയാട്ടമുക്ക് റോഡിലെ മുറിക്കുംതറ (കരിവീട്) കടവില്‍ അപകടത്തില്‍പെട്ടത്. മാളിയേക്കല്‍ പാത്തുമ്മുവിന്‍െറ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബത്തില്‍ ഒരുമിച്ചുകൂടിയതാണ് എല്ലാവരും. ഹാദിയ, ഉമ്മുസല്‍മ, റഷീദ എന്നിവര്‍ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ കാല്‍വഴുതിയ ഹാദിയ പുഴയിലെ ആഴംകൂടിയ ഭാഗത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഉമ്മുസല്‍മയും റഷീദയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു പക്ഷേ, ഇവരും അപകടത്തില്‍പെട്ടു. ശേഷം സഈദ, സഫിയ എന്നിവര്‍ രക്ഷപ്പെടുത്താനിറങ്ങിയെങ്കിലും കൂടെ ഇവരും മുങ്ങിത്താഴ്ന്നു. അടുക്കളയിലായിരുന്ന ആയിശ ബഹളംകേട്ടാണ് ഓടിയത്തെിയത്. പുഴയില്‍നിന്ന് കരയ്ക്കെടുത്തപ്പോള്‍ റഷീദ, ഉമ്മുസല്‍മ എന്നിവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. തയ്യില്‍പ്പടി പുറ്റേക്കാട് അബ്ദുല്‍ അസീസിന്‍െറ ഭാര്യയാണ് ആയിശ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.