പദ്ധതികള്‍ പൂര്‍ത്തീകരിക്കും –കലക്ടര്‍ അമിത് മീണ

മലപ്പുറം: ജില്ല ഭരണകൂടം തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും നൂതന ആശയങ്ങള്‍ സ്വാഗതം ചെയ്യുന്നതായും പുതുതായി ചുമതലയേറ്റ കലക്ടര്‍ അമിത് മീണ. ബുധനാഴ്ച മലപ്പുറം ജില്ല കലക്ടറായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കരിപ്പൂര്‍ വിമാനത്താവള വികസനം എന്നിവക്ക് ഭൂമി ഏറ്റെടുക്കലാണ് ജില്ലയിലെ പ്രധാന പദ്ധതികള്‍. പൊതുജനങ്ങള്‍ക്ക് പ്രയാസം കുറക്കുന്ന രീതിയില്‍ ഇവ മുന്നോട്ടുകൊണ്ടുപോകും. കായിക, വിനോദ സഞ്ചോരമേഖലയെ പുഷ്ടിപ്പെടുത്തും. ആദിവാസി മേഖലയില്‍ വികസനം എത്താത്തതാണ് മാവോവാദികള്‍ ഉപയോഗപ്പെടുത്തുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടറായിരിക്കെ നിലമ്പൂരിലെ അഞ്ച് കോളനികള്‍ കേന്ദ്രീകരിച്ച് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയിരുന്നു. ഇവയുടെ പുരോഗതി പരിശോധിക്കും. വലിയ പദ്ധതികള്‍ ജില്ലക്ക് വേണം. ഇതിനൊപ്പം സാധാരണക്കാര്‍ക്ക് ഗുണകരമായ ചെറുകിട പദ്ധതികളും വേണം. ക്ളീന്‍ മലപ്പുറം ലക്ഷ്യമാണെന്നും അമിത് മീണ പറഞ്ഞു. രാവിലെ 10ന് കലക്ടറേറ്റിലത്തെിയ അമിത് മീണയെ എ.ഡി.എം പി. സെയ്യിദ് അലി ബൊക്കെ നല്‍കി സ്വീകരിച്ചു. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, എ. നിര്‍മലകുമാരി, കെ.സി. മോഹനന്‍, സി. അബ്ദുറഷീദ്, ഡോ. ജെ.ഒ. അരുണ്‍, പി.എന്‍. പുരുഷോത്തമന്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമിത് മീണ രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയാണ് അമിത് മീണ. ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം. 2011 ബാച്ചില്‍ ഐ.എ.എസ് ലഭിച്ചു. കേരള കേഡറില്‍ ഐ.എ.എസ് ലഭിച്ച ശേഷം കണ്ണൂരില്‍ അസി. കലക്ടറായി തുടക്കം. ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ പരിശീലനത്തിനു പോയി. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പിതാവ് കെ.എല്‍. മീണ മധ്യപ്രദേശില്‍ സ്പെഷല്‍ ഡി.ജി.പി ആയിരുന്നു. 2013 സെപ്റ്റംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ പെരിന്തല്‍മണ്ണ സബ് കലക്ടറായിരുന്നു. തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായി. ഈ പദവിയില്‍ നിന്നാണ് മലപ്പുറം കലക്ടറായി നിയമനം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.