നോട്ടിരട്ടിപ്പ് തട്ടിപ്പ് സംഘങ്ങള്‍ സജീവമെന്ന് സൂചന

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് മലപ്പുറം ജില്ലയിലടക്കം നോട്ടിരട്ടിപ്പ് തട്ടിപ്പുസംഘങ്ങള്‍ സജീവമെന്ന് സൂചന. തമിഴ്നാടിന്‍െറ അതിര്‍ത്തി പ്രദേശങ്ങളിലും നോട്ടിരട്ടിപ്പ് തട്ടിപ്പുസംഘങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നതായി പെരിന്തല്‍മണ്ണ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിസിനസിന് മുടക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന കരിപ്പൂര്‍ നാറാണത്ത് മെഹബൂബ് (35), പാലക്കാട് നൂറണി വെള്ളതൊടി ഹിറാനഗര്‍ റിജാസ് (23), പാലക്കാട് മാട്ടുമന്ത സി.എന്‍ പുരം ഷമീര്‍ മന്‍സിലില്‍ താഹിര്‍ (31), പാലക്കാട് പുതുപ്പള്ളി തെരുവ് അന്‍സിയ മന്‍സിലില്‍ അസ്കര്‍ (23), തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് കാഞ്ഞിരത്തിങ്ങല്‍ അബ്ദുല്ല കോയ (54) എന്നിവര്‍ പിടിയിലായതോടെയാണ് നോട്ടിരട്ടിപ്പ് സംഘങ്ങളുടെ കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പിടിയിലായവരും ഇവരുടെ സഹായികളും ഉള്‍പ്പെടുന്ന സംഘങ്ങള്‍ വ്യാജ വിലാസത്തിലാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കൈക്കലാക്കി ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. എറണാകുളത്തും മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, എടവണ്ണ തുടങ്ങിയ ഭാഗങ്ങളിലുമാണ് ഇത്തരം സംഘങ്ങളുടെ ഇടപാട് വ്യാപകമായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടുന്നവരെയാണ് ഇടനിലക്കാരുടെ സഹായത്തോടെ ഇത്തരം സംഘങ്ങള്‍ വശീകരിക്കുന്നത്. അനധികൃത ഇടപാടായതിനാല്‍ പണം നഷ്ടപ്പെടുന്നവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കില്ല എന്നതാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് സഹായകരമാകുന്നതെന്ന് പൊലീസ് പറയുന്നു. യഥാര്‍ഥ നോട്ടുകളുടെ സ്കാന്‍ പ്രിന്‍റുകള്‍ അടുക്കിവെച്ച് മുകളിലും താഴെയും ഒറിജിനല്‍ നോട്ടുകള്‍ വെച്ച് കെട്ടുകളാക്കി തട്ടിപ്പ് നടത്തുന്നതാണ് സംഘത്തിന്‍െറ രീതി. ഇത് തിരിച്ചറിയാതിരിക്കാന്‍ നോട്ടുകെട്ടിന്‍െറ വശങ്ങളില്‍ പ്രത്യേകം നിറം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.