സ്കൂളുകളില്‍ ശൗചാലയവും പെണ്‍കുട്ടികള്‍ക്കുള്ള സൗകര്യവും : തദ്ദേശവകുപ്പ് ഉത്തരവ് കടലാസില്‍

മഞ്ചേരി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രാഥമികകൃത്യത്തിന് സൗകര്യങ്ങളുറപ്പുവരുത്തണമെന്ന തദ്ദേശവകുപ്പ് ഉത്തരവ് കടലാസിലൊതുങ്ങുന്നു. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷന്‍ തദ്ദേശ വകുപ്പിന് സര്‍ക്കുലര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പഠനസമയം പെണ്‍കുട്ടികളുടെ ആരോഗ്യ-മാനസികനിലയെ ബാധിക്കുന്നതായ പരാതിയെ തുടര്‍ന്നായിരുന്നു ഉത്തരവ്. അധ്യയനം തുടങ്ങി മൂന്ന് മാസമായിട്ടും പരിശോധന നടന്നിട്ടില്ല. ശുദ്ധജല ലഭ്യതയോടുകൂടിയ യൂറിനല്‍ ടോയ്ലറ്റ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നീ സൗകര്യങ്ങള്‍ എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും ഉറപ്പുവരുത്തണമെന്ന് കാണിച്ചാണ് ജൂണ്‍ ആദ്യം തദ്ദേശവകുപ്പ് ജോയിന്‍റ് സെക്രട്ടറി ജെ. ഉണ്ണികൃഷ്ണന്‍ ഉത്തരവിറക്കിയത്. സൗകര്യങ്ങള്‍ ഉണ്ടെന്നുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികള്‍ വര്‍ഷത്തില്‍ രണ്ടുതവണ സ്കൂളുകള്‍ പരിശോധിക്കണം. വീഴ്ച വരുത്തുന്ന സ്കൂള്‍ അധികാരികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പഞ്ചായത്ത് ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയവരും ഉചിത നടപടി സ്വീകരിക്കണം. കഴിഞ്ഞ ഒരുമാസത്തിനിടെ സ്കൂളുകളില്‍ പി.ടി.എ ജനറല്‍ ബോഡിയോഗം നടന്ന ഘട്ടത്തില്‍ മിക്കയിടത്തും വ്യാപകമായി ഉയര്‍ന്ന പരാതി സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ളെന്നായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ വൃത്തിഹീനമായ ശുചിമുറികളില്‍ വിദ്യാര്‍ഥികള്‍ കയറാത്ത അവസ്ഥയാണ്. പെണ്‍കുട്ടികള്‍ക്ക് ഒട്ടേറെ ശാരീരിക പ്രശ്നങ്ങളും ഇതുകാരണമുണ്ട്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ ശുദ്ധമായ വെള്ളം, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ശുചിമുറികള്‍, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, വേസ്റ്റ് ഡിസ്പോസിങ് സൗകര്യം എന്നിവ ഇല്ളെങ്കില്‍ സ്കൂള്‍ നടത്തിപ്പിന് അംഗീകാരം നല്‍കുന്നത് പോലും തടയണമെന്ന് നിര്‍ദേശിച്ചാണ് ബാലാവകാശ കമീഷന്‍ തദ്ദേശവകുപ്പിന് സര്‍ക്കുലര്‍ നല്‍കിയത്. എന്നാല്‍, ഇതുവരെ തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ല. ലബ്ബാ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015-16 വര്‍ഷം തുടങ്ങിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സമയക്രമം എത്രമാത്രം വിദ്യാര്‍ഥികളുടെ ആരോഗ്യപരവും ബുദ്ധിപരവും സാമൂഹികവുമായ വളര്‍ച്ചക്ക് ഗുണകരമാണെന്ന് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമീഷന്‍ നേരത്തെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. 8.45 മുതല്‍ വൈകുന്നേരം 4.45 വരെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പഠനം ബുദ്ധിമുട്ടുകളുണ്ടാക്കുന്നെന്ന പരാതികളുയര്‍ന്നതോടെയാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പ്രായോഗിക നടപടികളുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.