ചീക്കോട് കുടിവെള്ള പദ്ധതി: റോഡുകളുടെ നവീകരണം പാതിവഴിയില്‍

കൊണ്ടോട്ടി: ചീക്കോട് -കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകളുടെ നവീകരണം പാതിവഴിയില്‍. കൊണ്ടോട്ടി മണ്ഡലത്തിലെ നിരവധി റോഡുകളാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ചത്. എന്നാല്‍, പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ റോഡുകളുടെ നവീകരണത്തിനായുള്ള തുകയും വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഒമ്പത് കോടി രൂപയാണ് നേരത്തേയുണ്ടാക്കിയ എസ്റ്റിമേറ്റ് പ്രകാരം പൊതുമരാമത്ത് വകുപ്പിന് നല്‍കേണ്ടത്. ഇതില്‍ നാലരക്കോടി രൂപ മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൈമാറിയിട്ടുണ്ടെങ്കിലും റോഡുകളുടെ അറ്റകുറ്റപണികള്‍ പലയിടങ്ങളിലും ആരംഭിച്ചിട്ടില്ല. പ്രതിദിനം നിരവധി രോഗികളത്തെുന്ന കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള (സി.എച്ച്.സി) റോഡ് തകര്‍ന്നിട്ട് ഒരുവര്‍ഷമായി. വിവിധ കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിട്ടും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. ഈ റോഡിന്‍െറ നിര്‍മാണത്തിനായി 45 ലക്ഷം രൂപ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതുമാണ്. ചീക്കോട്-ഇരിപ്പല്ലൂര്‍ റോഡിന്‍െറ നവീകരണത്തിനും ഇതേ രീതിയില്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. കൂടാതെ, വിവിധ ഗ്രാമീണ റോഡുകളും പദ്ധതിക്ക് വേണ്ടി പൊളിച്ചിട്ടുണ്ട്. അതേസമയം, കക്കോവ്-വാഴയൂര്‍ റോഡ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 1.30 കോടി രൂപ ഉപയോഗിച്ച് നവീകരണപ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ചീക്കോട് പദ്ധതിക്കാവശ്യമായി ഒരു ഭാഗം പൊളിച്ച കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നിര്‍മാണം ഇതുവരെ ആരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇത് പൂര്‍ണമായി പുതുക്കിപണിയുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് നിര്‍മാണം നടത്താനാണ് തീരുമാനം. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിനൊപ്പം പാണ്ടിക്കാട്-ഓമാനൂര്‍, ഓമാനൂര്‍-കിഴിശ്ശേരി എന്നിവയും ഉള്‍പ്പെടുത്തി 18 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന് അംഗീകാരം ലഭിക്കാത്തതിനാല്‍ നിര്‍മാണവും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.