തെരുവീഥികള്‍ അമ്പാടിയായി

തിരൂര്‍: ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിന്‍െറ ഭാഗമായി ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന നിറപ്പകിട്ടാര്‍ന്ന ശോഭായാത്രകള്‍ തെരുവീഥികളെ അമ്പാടികളാക്കി. ഉണ്ണിക്കണ്ണന്മാരും രാധികമാരും ഗോപികമാരും വൈവിധ്യമാര്‍ന്ന വേഷങ്ങളും കൃഷ്ണലീലകള്‍ ചിത്രീകരിച്ച നിശ്ചല ദൃശ്യങ്ങളും ശോഭായാത്രകള്‍ക്കു മിഴിവേകി. തിരൂരില്‍ ചെമ്പ്ര, മുത്തൂര്‍, ഏഴൂര്‍, പയ്യനങ്ങാടി, അന്നാര, നടുവിലങ്ങാടി മേഖലകളില്‍ നിന്നുള്ള ചെറു ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി അമ്പലക്കുളങ്ങര ക്ഷേത്രത്തില്‍ സമാപിച്ചു. തിരുനാവായയില്‍ താഴത്തറ, തിരുത്തി, കൊടക്കല്‍, വാവൂര്‍ കുന്ന്, അഴകത്തു കളം, എടക്കുളം ഭാഗങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ തിരുനാവായ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി നാവാമുകുന്ദ ക്ഷേത്രത്തില്‍ സമാപിച്ചു. ആന, മേളത്തോടെ കാഴ്ചശീവേലി, തന്ത്രി കല്‍പ്പുഴ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യം, പ്രസാദ ഊട്ട്, നാരായണീയ പാരായണം, ചുറ്റുവിളക്ക് തെളിയിക്കല്‍, തായമ്പക, കേളി, കൊമ്പ് കുഴല്‍പ്പറ്റ്, അത്താഴ ശീവേലി എന്നിവയുമുണ്ടായി. രാങ്ങാട്ടൂര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ശോഭായാത്ര രാങ്ങാട്ടൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ സമാപിച്ചു. കുട്ടികള്‍ക്ക് പുരാണ പ്രശ്നോത്തരി മത്സരവും ഉണ്ടായി. തലക്കാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയുടെ ഭാഗമായി അഷ്ടദ്രവ്യ ഗണപതി ഹോമം, സമൂഹ സഹസ്രനാമം, അര്‍ച്ചന, ഗോ പൂജ എന്നിവയുമുണ്ടായി. ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജ, പ്രസാദ ഊട്ട് എന്നിവയുണ്ടായി. തിരൂര്‍ തെക്കുമുറി, തെക്കന്‍ കുറ്റൂര്‍, വൈരങ്കോട്, മാങ്ങാട്ടിരി, പാറശ്ശേരി, ബി.പി. അങ്ങാടി, പൊയിലിശ്ശേരി, നടുവട്ടം, നാഗപ്പറമ്പ്, മാണിയങ്കാട്, മേല്‍പ്പത്തൂര്‍, കുറുവത്തൂര്‍ മേഖലകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശോഭായാത്രകള്‍ നടന്നു. വളാഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പൈങ്കണ്ണൂര്‍, മുക്കിലപീടിക, തെക്കെ പൈങ്കണ്ണൂര്‍, കാട്ടിപ്പരുത്തി എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭായാത്ര കുറ്റിപ്പുറം റോഡ് വഴിയും കാവുംപുറം, താണിയപ്പന്‍കുന്ന്, കീഴ്പ്പനങ്ങാട്, വൈക്കത്തൂര്‍, പച്ചീരി, മഞ്ചറ, കടുങ്ങാടി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്ര കോഴിക്കോട് റോഡ് വഴിയും ടൗണ്‍ ശോഭായാത്ര പട്ടാമ്പി റോഡുവഴിയും ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി പെരിന്തല്‍മണ്ണ റോഡിലൂടെ വൈക്കത്തൂര്‍ മഹാക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പ്രസാദ വിതരണം, നാമജപം എന്നിവ നടന്നു. എടയൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എടയൂര്‍ ഋഷിപുത്തൂര്‍ വിഷ്ണു-ശിവക്ഷേത്രത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബാലസമിതി, മാതൃസമിതി അംഗങ്ങള്‍ പങ്കെടുത്ത വിഷ്ണു സഹസ്രനാമം, ലളിത സഹ്രസനാമം, ഹരിനാമ കീര്‍ത്തനം എന്നിവയും സര്‍വൈശ്വര്യ പൂജയും പ്രസാദ ഊട്ടും നടന്നു. വൈകീട്ട് വിഷ്ണു ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര പാപ്പിനിശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം വഴി മയങ്ങനാലുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തി. മണ്ണത്തുപറമ്പ് നിന്ന് ആരംഭിച്ച ശ്രീദുര്‍ഗാ ബാലഗോകുലത്തിന്‍െറ നേതൃത്വത്തിലുള്ള ശോഭായാത്രയും ഒന്നിച്ച് മഹാശോഭായാത്രയായി വിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കുകയും ചെയ്തു. പൂക്കാട്ടിരി വ്യാസ ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ശോഭായാത്ര സംഘടിപ്പിച്ചു. പാലച്ചുവട്ടില്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് പൂക്കാട്ടിരി ടൗണ്‍ ചുറ്റി തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ സമാപിച്ചു. സാംസ്കാരിക സമ്മേളനം കൊളത്തൂര്‍ മുരളീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ചന്ദ്രന്‍, വി.ടി. രാഘവന്‍, കെ.പി. മോനു, കെ.പി. മോഹന്‍ദാസ്, കെ.പി. ബൈജു, കെ.പി. അയ്യപ്പന്‍കുട്ടി, ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. താനൂര്‍: പൂരപ്പറമ്പ്, മൂക്കോല, പരിയാപുരം, സ്കൂള്‍പടി, ചിറക്കല്‍, ജേയാതി നഗര്‍, പനങ്ങാട്ടൂര്‍, കാരാട്, കാട്ടിലങ്ങാടി ഭാഗങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ താനൂര്‍ ജങ്ഷന്‍ പരിസരത്ത് സംഗമിച്ച് ശോഭപറമ്പ് ക്ഷേത്ര മൈതാനിയിലേക്ക് നീങ്ങി. വാദ്യമേളങ്ങളും ഭക്തിഗാനങ്ങളും ശോഭായാത്രക്ക് നിറം പകര്‍ന്നു. ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലും ശോഭായാത്രകള്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.