കാര്‍ഷിക ഉല്‍പാദനഫണ്ട്; മാതൃകയായി കൂട്ടിലങ്ങാടി

മഞ്ചേരി: പദ്ധതി വിഹിതത്തില്‍ ജനറല്‍ ഫണ്ടിന്‍െറ 20 ശതമാനം കാര്‍ഷിക-ഉല്‍പാദന മേഖലയിലേക്ക് മാറ്റിവെക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് ഒരുപടി കൂടി മുന്നോട്ട്. പ്ളാന്‍ഫണ്ടിന് പുറമെ തനത് വിഹിതവും ചേര്‍ത്ത് 51 ലക്ഷം രൂപയാണ് നീക്കിവെച്ചത്. രണ്ടുമാസം മുമ്പാണ് 20 ശതമാനം പദ്ധതി വിഹിതം കാര്‍ഷിക ഉല്‍പാദന മേഖലയില്‍ നിര്‍ബന്ധമായും ചെലവഴിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാലിന്യ സംസ്കരണത്തിന് പത്തുശതമാനവും വയോധിക ക്ഷേമം, മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമം എന്നിവക്ക് അഞ്ചുശതമാനം വീതവും വേണം. ഫലത്തില്‍ 40 ശതമാനം ഫണ്ട് ഇത്തരത്തില്‍ നീക്കിവെക്കണം. എന്നാല്‍, ഇതില്‍നിന്ന് എങ്ങനെ ഒഴിവാകാമെന്നാണ് മിക്ക പഞ്ചായത്തുകളും ആലോചിക്കുന്നത്. ഇതിനിടെയാണ് കൂട്ടിലങ്ങാടി പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍നിന്ന് 20 ശതമാനമായ 17.21 ലക്ഷം വെക്കേണ്ടതിന് പകരം 37.7 ലക്ഷം നീക്കിവെച്ചത്. ഇതിനു പുറമെ നികുതി വരുമാനം വഴി ലഭിച്ച തനത് ഫണ്ടില്‍നിന്ന് 11 ലക്ഷം വേറെയും നീക്കിവെച്ചു- മൊത്തം 51 ലക്ഷം രൂപ. പഞ്ചായത്തിന് ഈ വര്‍ഷം ആകെ ലഭിക്കുന്ന പദ്ധതി വിഹിതം 1.29 കോടി. ധനകാര്യ കമീഷന്‍ ഗ്രാന്‍റുകൂടി ചേര്‍ത്താല്‍ 1.66 കോടി. മാലിന്യ സംസ്കരണത്തിന് 10 ശതമാനം ഫണ്ടുവെക്കേണ്ടതിന് പകരം ഇതിലും വര്‍ധന വരുത്തി- 15.44 ലക്ഷം. ശുചിത്വ പദ്ധതിയില്‍ ശൗചാലയ നിര്‍മാണത്തില്‍ പഞ്ചായത്തിന്‍െറ വിഹിതം ഇതില്‍നിന്ന് നല്‍കാമെന്ന് സര്‍ക്കാര്‍ ഇളവുണ്ടായിട്ടും അതിന് വേറെ വിഹിതം കണ്ടത്തെുകയും ചെയ്തു. റോഡ് നിര്‍മാണം തല്‍ക്കാലം തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ അധ്വാനത്തില്‍ നടത്തും. ആവശ്യമായ അസംസ്കൃത വസ്തുക്കളും ഇതുവഴി വാങ്ങും. പഴയ റോഡുകളുടെ അറ്റകുറ്റപണികള്‍ മെയിന്‍റനന്‍സ് ഗ്രാന്‍റുകൊണ്ട് മാത്രം പൂര്‍ത്തിയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.