കണ്ടുകെട്ടിയ വാഹനങ്ങള്‍ ഉടന്‍ കലക്ടറേറ്റ് വിടും

മലപ്പുറം: കലക്ടറേറ്റ് വളപ്പില്‍ തുരുമ്പെടുത്തും വഴിമുടക്കിയും കിടക്കുന്ന വാഹനങ്ങള്‍ വൈകാതെ ഇവിടം വിടും. വിവിധ കേസുകളിലായി റവന്യൂ-പൊലീസ് വിഭാഗം പിടിച്ചെടുത്ത വാഹനങ്ങളുടെ കണക്കെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കലക്ടറേറ്റ് ശുചീകരണവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഡെപ്യൂട്ടി കലക്ടര്‍മാരുടെയും ജൂനിയര്‍ സൂപ്രണ്ടുമാരുടെയും യോഗത്തിലാണ് തീരുമാനം. സിവില്‍ സ്റ്റേഷനകത്തും പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും റോഡരികിലും റവന്യൂ വകുപ്പിന്‍െറ ഡംബിങ് യാര്‍ഡുകളിലും കൂടിക്കിടക്കുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച റവന്യൂ-പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധികളടങ്ങുന്ന സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനായി പ്രവര്‍ത്തിക്കും. പൊളിച്ച് മാറ്റാന്‍ പറ്റുന്ന വാഹനങ്ങള്‍, കോടതി നടപടികളിലുള്‍പ്പെട്ട വാഹനങ്ങള്‍ എന്നിവയുടെ പട്ടിക തയാറാക്കും. ഗ്രീന്‍-ക്ളീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി ടൗണ്‍ പ്ളാനിങ് വിഭാഗം 30നകം പൂര്‍ത്തിയാക്കുന്ന മാസ്റ്റര്‍ പ്ളാന്‍ യാഥാര്‍ഥ്യമാക്കണമെങ്കില്‍ വാഹനങ്ങള്‍ നീക്കണം. കലക്ടറേറ്റിലെ വിവിധ സെക്ഷനുകളിലെ കടലാസ് മാലിന്യങ്ങളും മറ്റും നീക്കുന്നതിന്‍െറ ഭാഗമായി 27നകം ഉപയോഗ ശൂന്യമായവയുടെ പട്ടിക തയാറാക്കും. തീര്‍പ്പാക്കിയ ഫയലുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും റെക്കാഡ് റൂമിലേക്ക് മാറ്റാനും വിവിധ ബ്ളോക്കുകളില്‍ ബയോഗാസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.