പെരിന്തല്‍മണ്ണ: നഗരം ഇതുവരെ കാണാത്ത തരത്തിലുള്ള വിവാഹത്തിന് 28ന് സാക്ഷിയാവും. അപൂര്‍വ വിവാഹം കേങ്കേമമാക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍. ഇരുളടഞ്ഞ ജീവിതം വഴിയടയുമെന്ന നിരാശയുമായി കഴിയുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ചീരട്ടമണ്ണയിലെ ജിജുവിനും (30) സഹോദരന്‍ ഷൈജുവിനും (26) ഐശ്വര്യം നിറഞ്ഞ ദാമ്പത്യജീവിതം ഒരുക്കാന്‍ നാട് ഒന്നാകെ മുന്നിട്ടിറങ്ങുന്നത്. ജന്മനാ കാഴ്ചയില്ലാത്തവരാണ് ഇരുവരും. മൂസ്സക്കുട്ടി-മനഴി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവാഹം ആഘോഷമാക്കാന്‍ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷനും വി. രമേശന്‍ കണ്‍വീനറും സലീം കിഴിശ്ശേരി ട്രഷററുമായി സംഘാടക സമിതി രൂപവത്കരിച്ച് ക്ഷണം തുടങ്ങി. ചെറുപ്പം മുതലേ ഇവരുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. മക്കള്‍ക്ക് കാഴ്ച കുറവാണെന്നറിഞ്ഞ് പിതാവ് മൂന്നാമത്തെ മകന്‍െറ ജനനത്തോടെ നാടുവിട്ടു. മൂന്നാമത്തെ മകന്‍ ജിനീഷാകട്ടെ കാഴ്ചയും ആരോഗ്യവുമുള്ള ആളായിരുന്നു. ജിനീഷ് ബിരുദവും കമ്പ്യൂട്ടര്‍ യോഗ്യതയും നേടി. ജോലിക്കായുള്ള ഓട്ടത്തിനിടയില്‍ സേലത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ ജിനീഷിനെയും നഷ്ടമായി. ഇരുളടഞ്ഞ വഴികളില്‍ ജ്യേഷ്ഠന്മാര്‍ക്ക് കൈതാങ്ങാകുമെന്ന അമ്മയുടെ പ്രതീക്ഷകളാണ് റോഡില്‍ പൊലിഞ്ഞത്. ദുരിതങ്ങള്‍ക്കിടയിലും മാതാവ് ആലംപാറ ശോഭനയുടെ പിന്തുണ മക്കള്‍ക്ക് കരുത്തേകി. ജിജു മലപ്പുറം ഗവ. കോളജില്‍ നിന്നും ഷൈജു മമ്പാട് എം.ഇ.എസ്. കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടി. പെരിന്തല്‍മണ്ണ നഗരസഭ അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്കായി നടത്തുന്ന പുനരധിവാസ കേന്ദ്രത്തില്‍ ജിജുവിനെ സഹായിയായി നിയോഗിച്ചു. ഇതില്‍ നിന്നുള്ള ചെറിയ വേതനമാണ് ജിജുവിന്‍െറ വരുമാനം. പെരിന്തല്‍മണ്ണ അസ്ലം മാള്‍ ഉടമയുടെ കാരുണ്യത്തില്‍ നടത്തുന്ന പേപ്പര്‍ കവര്‍ നിര്‍മാണ കേന്ദ്രത്തിലാണ് ഷൈജു ഇപ്പോള്‍ ജോലി ചെയ്യുന്നത്. രണ്ടു വര്‍ഷം മുമ്പ് വിധി വീണ്ടും കുടുംബത്തോട് ക്രൂരത കാട്ടി. താങ്ങായിരുന്ന മാതാവിന് അര്‍ബുദം ബാധിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും ചികിത്സയിലായിരുന്ന മാതാവിനെ ശുശ്രൂഷിക്കാന്‍ ആളില്ലാത്തത് സഹോദരങ്ങള്‍ക്ക് ഇരുട്ടടിയായി. ഇതിനിടയിലാണ് വിവാഹാലോചനകള്‍ തുടങ്ങിയത്. കോഴിക്കോട് അരക്കിണര്‍ പഴങ്കര പരേതനായ വാസുദേവന്‍െറ മകള്‍ നീതുവിനെയാണ് ജിജു ജീവിതപങ്കാളിയാക്കുന്നത്. അരീക്കോട് മൈത്രയിലെ തച്ചോംപറമ്പില്‍ പരേതനായ തേയുട്ടിയുടെ മകള്‍ ഷൈലജയെയാണ് ഷൈജു ജീവിത സഖിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.