ദുരിതങ്ങളേ മാറിക്കൊള്‍ക, ബിനീഷ് പോരാട്ടത്തിലാണ്...

പെരിന്തല്‍മണ്ണ: ശരീരം തളര്‍ന്നെങ്കിലും പതറാത്ത മനസ്സുമായി ബിനീഷും കുടുംബവും പോരാട്ടത്തിലാണ്. വേങ്ങര കുറുവില്‍കുണ്ട് കോട്ടത്തൊടി ഭാസ്കരന്‍-സുഭദ്ര ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനാണ് ജന്മനാ അരക്ക് താഴെ തളര്‍ന്ന ബിനീഷ്. ചെറുപ്പത്തില്‍തന്നെ എഴുതാനും വായിക്കാനും പഠിച്ചു. പിന്നീട് ചില സുഹൃത്തുക്കള്‍ ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പഠിപ്പിച്ചതോടെ ജീവിതം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താതെ പോരാടാനുറച്ചു. വരാന്തയിലിട്ട പലകപ്പടിയാണ് ബിനീഷിന്‍െറ പണിശാല. അതില്‍ കമിഴ്ന്ന് കിടന്ന് ജോലി ചെയ്യുന്ന ഈ 38കാരനോട് അധികൃതര്‍ കണ്ണടച്ച മട്ടാണ്. എ.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കാതെ ദുരിതക്കയത്തിലായിരിക്കുകയാണ് മങ്കട പള്ളിപ്പുറത്ത് താമസിക്കുന്ന ബിനീഷും ഭാര്യ ശോഭിയും ഏക മകന്‍ അക്ഷയും. പത്ത് വര്‍ഷം മുമ്പ് ഒരു വനിത മാസികയില്‍ ബിനീഷിന്‍െറ ദുരിതകഥ വായിച്ചറിഞ്ഞ കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശിനി ശോഭി തളര്‍ന്ന ജീവിതത്തിന് കൈത്താങ്ങാവുകയായിരുന്നു. മകന്‍ അക്ഷയ് പള്ളിപ്പുറം ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ടി.ടി.സി കഴിഞ്ഞിട്ടുണ്ടെങ്കിലും ശോഭിക്ക് ബിനീഷിനെ തനിച്ചാക്കി പുറത്ത് ജോലിക്ക് പോകാനാവാത്ത അവസ്ഥയാണ്. വിവാഹശേഷം ഇരുവരും കുറേക്കാലം വാടകവീട്ടില്‍ കഴിഞ്ഞു. പിന്നീട് സുഹൃത്തുക്കള്‍ ചേര്‍ന്ന് നെല്ലിയറമ്പില്‍ നാല് സെന്‍റ് ഭൂമി വാങ്ങി നല്‍കി. മിച്ചം വന്ന പണംകൊണ്ട് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീടും പണിതു. അടുത്ത കാലത്ത് പടിഞ്ഞാറ്റുമുറി ഇ.എം.എസ് ചാരിറ്റബിള്‍ ട്രസ്റ്റ് വീടിനോട് ചേര്‍ന്ന് മറ്റൊരു മുറി കൂടി പണിത് മേല്‍ഭാഗം വാര്‍ത്തതോടെ കാറ്റിലും മഴയിലും പേടിക്കാതെ കിടക്കാമെന്ന പരുവത്തിലായിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ഭവന പദ്ധതികളുണ്ടെങ്കിലും എ.പി.എല്‍ വിഭാഗത്തിലായതിനാല്‍ അത്തരം സഹായത്തിനുള്ള വഴിയടഞ്ഞിരിക്കുകയാണ്. പരിസരവാസികളും സുഹുത്തുക്കളും കൊണ്ടുവരുന്ന ടി.വി, ഫാന്‍ തുടങ്ങിയവ റിപ്പയര്‍ ചെയ്യാന്‍ സന്നദ്ധനാണ് ബിനീഷ്. അറ്റകുറ്റപ്പണിക്കാവശ്യമായ സാധനങ്ങള്‍ മഞ്ചേരി, മലപ്പുറം അങ്ങാടികളില്‍ ഇടക്കിടെ പോയി വാങ്ങിക്കാന്‍ കഴിയാത്തതാണ് പ്രയാസകരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.